Friday, November 23, 2012

മധുവും വിധുവും ജീവിതവും


ആടണം വിരല്‍ത്തുമ്പുകളില്‍
ത്രസിക്കുന്ന അവസാന കമ്പനം വരെയും
ആടിത്തിമിര്‍ക്കണം
കിതപ്പുകള്‍ എണ്ണിയെടുക്കുന്ന
അവസ്സാന  ശ്വാസം വരേയും
ബന്ധങ്ങള്‍ മുറുക്കിയ
തോല്ച്ചെണ്ട പൊട്ടുമാരുച്ചത്ത്തില്‍
രക്തവും രേതസ്സും
തമ്മിലടിക്കുന്ന താളത്തിനും മീതെ-
യാടിതിമിര്‍ക്കണമെനിക്കൊരിക്കല്‍

Monday, November 19, 2012

കാഴ്ച.. കര ... പിന്നെ നീയും

കണ്ണിനെ മൂടി ഒരു ഹൃദയം... അതിനെയും മൂടി കടല്‍ പോലെ നിന്‍റെ  പ്രണയം... അതിനു കുളിരുണ്ടെന്നാരും പറഞ്ഞിട്ടല്ല... പറയാതെയെല്ലാം പറഞ്ഞാണതിനു ശീലമെന്ന് കാലമെവിടെയോ കോറിയിട്ടു പോലും...

ശലഭാവിഷ്കാരങ്ങൾ

ഒരിക്കലും കരുതിയതല്ല ഇവിടെയെത്തിപ്പെടുമെന്ന്....
യാദൃശ്ചികങ്ങളില്‍ വിശ്വസിക്കാനിഷ്ടമില്ലെങ്കിലും ....
അങ്ങനെയൊക്കെ എന്തൊക്കെയോ മനുഷ്യരെ ചുറ്റിപ്പറ്റി അരങ്ങേറുന്നുണ്ട്‌ ...
ഞാന്‍ ചിന്തിക്കാറുണ്ട് നൂറു കണക്കിന് മൈലുകള്‍ അകലെ ജീവിച്ചിരുന്ന , ഒരേ ഇഷ്ടങ്ങളും ആശയങ്ങളുമുള്ള ആളുകളെ എങ്ങനെ നമുക്ക് സുഹൃത്തുക്കളായി ലഭിക്കുകയും അവരില്‍ പലരും ജീവിതത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ കൂട്ടായി  എന്ന്.എന്തിനേറെ പറയണം എനിക്കിന്നു കൂട്ടായുള്ള നീ പോലുമൊരു അൽഭുതമാണിപ്പോഴും 

കണി

നീയും മഴയും ഇറയത്തുണ്ടായിരുന്നു
ഞാനും നിങ്ങളോട് ചേര്‍ന്നു
മഴ പാട്ട് തുടര്‍ന്നു
സിരകളില്‍  നാം പകുത്തു കുടിച്ച
കാപ്പിയുടെ ചൂട്
ചൂട് നുകര്‍ന്ന് ഒരുടലായി നാം
പ്രജ്ഞയിലെവിടെയോ
കാപ്പിപ്പാത്രം മറിഞ്ഞു വീണ ശബ്ദം
ഞെട്ടിത്തുറന്ന കണ്ണിലേക്കു
മുറിനിറഞ്ഞു തുളുംബിയ വെട്ടം
കാതില്‍ ജോലിക്ക് വിളിക്കുന്ന
അലാറത്തിന്‍റെ  വെറുപ്പിക്കല്‍
ഒരു നിമിഷം കൂടി....
പിണച്ച കയ്യില്‍ തലയമര്‍ത്തി
വീണ്ടും കാണാന്‍ കൊതിച്ചു
നീയും മഴയും നമ്മുടെ വീടിന്റെ
ഇറയത് നില്‍ക്കുന്നത്

  

Friday, November 16, 2012

ന്യൂസ്‌ റീഡര്‍

   ടിവിയില്‍ ഫ്ലാഷ് ന്യൂസ്‌ വായിക്കാന്‍ വരുന്നവളെപ്പോലെ നീ ഇടയ്ക്കിടെ മനസ്സിലെക്കൊടിയെത്തുന്നു.... "നേരോടെ നിര്‍ഭയം നിരന്തരം"   മിസ്‌ യൂ എന്ന് പറഞ്ഞിട്ട് പോകുന്നു.....

   

സ്പര്‍ശം

നിന്നെ തൊട്ട നിലാവിന്‍റെ കിരണങ്ങളെ
ഞാന്‍ നഖങ്ങളെന്നു വിളിച്ചു


പതിയെ, ഞാനും നിലാവാകാന്‍ കൊതിച്ചു



  

ചതച്ചുകുത്തി

           മഴയത്തൊരു മലകയറണം ... മുന്നിലുള്ള മറ്റൊരു മരുവര്‍ഷം മുഴുവന്‍ നനയാനുള്ള ഓര്‍മ്മകള്‍ ശേഖരിക്കാന്‍... ചിന്ത ചുരത്തുന്ന എല്ലാ വികാരങ്ങള്‍ക്കും നനവേകി വളര്‍ത്തുന്നത് ഓര്‍മ്മയിലെ   മഴക്കാഴ്ചകളാണ്....

          വിതുമ്പാന്‍ വെമ്പിനില്‍ക്കുന്ന ആകാശത്തിന്‍റെ നൊമ്പരവും... തളിരിലത്തുമ്പു തട്ടിച്ചിതറുന്ന പുത്തന്‍ മഴത്തുള്ളികളുടെ പൊട്ടിച്ചിരിയും... വേനലില്‍ ശാന്തമായ് ഒഴുകിയ പുഴയെ രുദ്രയാക്കിയ മഴയുടെ കോപവും..... മനസ്സിനെ തലോടിയ ചാറ്റല്‍ മഴയുടെ സാന്ത്വനവും പിന്നെ, ഒരുമിച്ചൊരുപാടു നനഞ്ഞ കൌമാര പ്രണയത്തിന്‍റെ മറക്കാനാവാത്ത ഇളം ചൂടും   ഒക്കെ ഞാനറിഞ്ഞത് എന്‍റെ നാട്ടില്‍.. തൊടിയിലും മുറ്റത്തും പുഴയിലും കൈത്തോട്ടിലും കുന്നിന്‍ ചരിവിലെ തോട്ടങ്ങളിലും പൂഴി നനച്ചു ഇടവഴികളിലും പെയ്തു പെയ്തു കഥ പറഞ്ഞ എന്‍റെ പ്രിയപ്പെട്ട  മഴയിലൂടെയാണ്...

 എന്‍റെ നാട്.... എന്‍റെ മഴ.... എന്‍റെ സ്വപ്നം.....  

അകലെയെപ്പോഴോ ഒരു മഴക്കാലം എന്നെ കാത്തിരിക്കുന്നുണ്ട്... ഞാന്‍ വീണടിഞ്ഞുറങ്ങവേ എനിക്കും മീതെ മണ്ണ് നനച്ചു എന്‍റെ പ്രിയരാഗം പെയ്തിറങ്ങുന്നൊരു മഴക്കാലം .....  


       

Wednesday, October 24, 2012

മദ്രാസ് ഡ്രീംസ്‌

ഒരു നിലാ മഴയിന്‍  കുളിരിലെ സുഖവുമായ്
അരികെ നീ അഴകിന്‍ നഗരമേ നിറവുമായ് 

തിരികളിന്‍ പ്രഭയില്‍ ജ്വലനമാം പ്രണയം 
പകരൂ നീയാണെന്‍ പ്രിയ നഗരം 
പകരൂ നിന്‍ കണ്ണിമ തന്‍ 
ഒളിമിന്നല്‍ പിണരിന്നെന്‍ കരളില്‍ 

പുലരികള്‍ നിന്‍ മാറിന്‍ ചൂടേറ്റിന്നുണരവേ 
ദിനമിതിന്‍ താപം നിന്‍ മടിയില്‍ ചൊരിയവേ 
കടലലയില്‍  അലിയും നിന്‍ മൌനം  
പുതുനിശയിന്‍ കാതില്‍ നിന്‍ രാഗം ....

Monday, September 17, 2012

അറേഞ്ചെഡ്‌ ലവ് മാര്യേജ്

         പെണ്ണുകാണല്‍ ചടങ്ങിലെ  പതിവു  പ്രഖ്യാപനം ഏതോ ഒരമ്മാവന്‍ നടത്തി... ഞാനും പെണ്‍കുട്ടിയും മറ്റൊരു മുറിയിലേക്ക് ആനയിക്കപ്പെട്ടു. ജന്മാന്തരങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടുമുട്ടിയ പ്രണയികളെ പോലെ ഞാനും അവളും   മുഖത്തോട് മുഖം നോക്കി നിന്നു .
      
  കാഴ്ചകള്‍ പോയ്മറഞ്ഞു ബാലസൂര്യ കിരണങ്ങള്‍  ബാക്കിയായ്... ശാന്തതയുടെ കുളിര്‍മയില്‍ കളകൂജനങ്ങള്‍ മാത്രമായി ....
  എന്‍റെ മാറില്‍ നിന്‍റെ മുഖവും... നിന്‍റെ  നെറുകയില്‍ എന്‍റെ നേരിന്‍റെ ചുംബനവും .....

മാത്ര നേരം യാത്ര തുടരവേ അവളെന്‍റെ കാതില്‍ ചോദിച്ചു ..
"ഇനിയെന്നെ ഒന്ന് താഴെ നിര്‍ത്തുമോ? "

 

     

Monday, September 10, 2012

ഈന്തപ്പണം

       ഈന്തപ്പനകളുടെ നാട്ടിലെ മഹാനഗരത്തിലൂടെ പിന്നോട്ടു പാഞ്ഞുപോകുന്ന കാഴ്ചകള്‍...
ഇടയ്ക്ക്, ഒരു നൊടിയിട മനസ്സിന് മുന്നില്‍ ഒരു ഫ്ലെക്സ് ബോര്‍ഡിലെ വാചകം ചിന്തകളെ ഉണര്‍ത്തി.

       സ്നേഹം രത്നം പോലെ അമുല്യമാണ്
   
        ശരിയാണ്..   പക്ഷെ, ഞാന്‍ പറയും...., വിലപിടിച്ചതെന്നു കരുതി ലോക്കറില്‍ പൂട്ടിവയ്ക്കാനുല്ലതല്ല  മറിച്ചു, ഒരു പ്രദര്‍ശന സ്ഥലത്തിരുന്നു തിളക്കം പകരുന്ന അമുല്യ രത്നമായിരിക്കണമെന്നു...

             



  

Wednesday, September 5, 2012

ചലച്ചിത്രം

ഓരോ മഴപ്പെയ്ത്തും ഓരോ തിരശ്ശീലയാണെനിക്ക്‌. ഓർമ്മകൾ തെളിമയോടെ പെയ്തിറങ്ങുന്ന തിരശ്ശീല. മഴയ്കൊപ്പം ഞാനും പെയ്യുകയാണു ജയിക്കില്ലെന്നറിഞ്ഞിട്ടും വെറുതേ.. നാം കണ്ടുമുട്ടിയതൊരു മഴത്തണലിലാണു മഴ കാത്തുറങ്ങിപ്പൊയൊരു സന്ധ്യക്കാണു വിളിച്ചുണർത്തി നീ വിട പറഞ്ഞകന്നതും.. ഇവിടെ മണൽക്കാട്ടിൽ ഈ വെയിലത്തും നിന്നെക്കുറിച്ചുള്ള ഒർമ്മച്ചൂടിനു മീതെ ആർത്തു പെയ്യുന്ന എന്നെ എനിക്കു മനസ്സിലാക്കാനാവുന്നില്ല.. മഴയുടെ തിരശ്ശീലയിൽ ഇടയ്ക്കിടെ എന്നെ നോക്കി ചിരിയോടെ കുസൃതി പറയാറുള്ള നിന്നെയും...

Thursday, August 30, 2012

അന്ന പറയിച്ചത് .....

അന്ന ചോദിച്ചു. ഒരാള്‍ക്ക്‌ ഒരാളെയേ  പ്രണയിക്കാന്‍ സാധിക്കു?

ഞാന്‍ ചിന്തിക്കാതെ തന്നെ പറഞ്ഞു.. ഒരിക്കലുമല്ല.

            പ്രണയം ഒരു യാത്രയാണ്.. ആത്മാംശം തേടിയുള്ളോരു യാത്ര.  ഭാവിയിലെവിടെയോ കണ്ടുമുട്ടി വീണ്ടും ഒന്നായിതീരാനുള്ള നമ്മുടെ തന്നെ ആത്മാംശം തേടി.... ആ ആത്മാംശത്തിന്‍റെ പ്രഭ കണ്ട്‌,  ഇഷ്ടം തോന്നുന്ന ഓരോരുത്തരിലും നാം തിരയുന്നത് ആ ആത്മാംശത്തെയാണ്‌..... ....

എന്നാല്‍,

വെറും ആത്മാശ പ്രഭയ്ക്കുമപ്പുറം ഒന്നുംതന്നെ അവരില്‍ സ്ഥിതി ചെയ്യുന്നില്ല എന്നുള്ള നമ്മുടെ തിരിച്ചറിവാണ് ഓരോ പ്രണയത്തിന്‍റെയും അവസാനവും വീണ്ടും യാത്ര തുടരാനുള്ള പ്രചോദനവും....

ഇനിയും ആത്മാംശം തിരഞ്ഞുകൊണ്ട്‌.............
   

Wednesday, August 29, 2012

നാമോരോ കഥകളാണ്

ഓരോ മഴപ്പെയ്ത്തും ഓരോ തിരശ്ശീലയാണ്....
ഓര്‍മ്മകള്‍ തെളിമയോടെ പെയ്തിറങ്ങുന്നൊരു തിരശ്ശീല..
മഴയിലേക്ക് നോക്കിയിരിക്കേ ഞാനും പെയ്യാറുണ്ട്..
മഴയോട് ജയിക്കാനാവില്ലെന്നറിയാമെങ്കിലും


'ഹിജാബി'നു പിന്നില്‍ എന്നിലെക്കുറ്റ് നോക്കുന്ന കണ്ണുകള്‍
നിന്‍റെ നോട്ടത്തിന്‍റെ മൂര്‍ച്ചയോര്‍മിപ്പിച്ചിരുന്നു .
പൊടിക്കാറ്റിന്‍റെ  നേരിയ ഇരമ്പത്തിനകമ്പടിയായി
നിന്‍റെയാ ഒറ്റപ്പാദസരത്തിന്‍റെ ഓര്‍മ്മക്കിലുക്കമുണ്ടോ....?


ഈ മണല്‍ക്കാട്ടില്‍ നിന്‍റെ  ഓര്‍മയ്ക്ക് മീതേ
നിര്‍ത്താതെ പെയ്യുന്ന എന്നെ എനിക്ക് മനസ്സിലാക്കാനാവുന്നില്ല
ഓര്‍മയിലെ മഴശ്ശീലയില്‍ എന്നെ നോക്കി
ചിരി തൂകുന്ന നിന്നെയും...





വിനൈല്‍ ഡിസ്ക്

                പാട്ടിനൊപ്പം ചൂളമടിക്കവേ നാമോര്‍ക്കും പെര്‍ഫെക്റ്റ്‌ പിച്ചിലാണ് നാമത് ചെയ്യുന്നതെന്ന്. നമ്മളെ ശ്രദ്ധിക്കുന്ന ഒരു സംഗീതജ്ഞനു അല്ലെങ്കില്‍ ആ ചൂളമടി റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട ഒരു ടേപ്പിന്  പറയാന്‍ കഴിയും അതെത്ര അരോചകമായിരുന്നെന്നു.
                ഇതെഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു നീയെന്തുകൊണ്ട്‌ എന്നെ വേണ്ടെന്നു വെച്ചെന്ന്... ഒറ്റപ്പെട്ടു പോയൊരു ചൂളം കുത്തല്‍  മാത്രമായി എന്നെ ഞാന്‍ കേള്‍ക്കവേ മനസ്സ് പറയുന്നു ഞാനൊട്ടും ആസ്വാദ്യകരമാല്ലാത്തൊരു ഈണമായിരുന്നെന്നു.  

Monday, August 27, 2012

ലാസ്റ്റ് ഫ്രെയിം

ഒടുവിലെന്‍റെ പ്രണയത്തെ ആവാഹിച്ച ചാരത്തിന് മീതെ
മഴ - നിര്‍ത്താതെ....  ലോലമായി പെയ്തുകൊണ്ടേയിരുന്നു .....


എന്‍റെ കോളെജ്

ഇതേതോ ശ്യാമതീരം
ഇവിടാണെന്‍ സ്വപ്ന ജാലകം
എന്‍ മോഹമിന്നു കാണും
അറിയാന്‍ മറന്ന ലോകം

      ഒരുപിടി സൌഹൃദങ്ങളിന്നേറ്റു പാടുമീ
      സ്നേഹഗാനത്തിനീണം
      ഒരു വാക്കിലൂറുന്ന നോവുതുള്ളിയി -
      ന്നീറനേകുന്ന നേരം
     
                                                                       ഇതേതോ ശ്യാമതീരം ...

പകലുകള്‍  നുകരുമീ  ഒഴുകുന്ന മേഘ ശകലങ്ങളില്‍
ഇരവിതില്‍ മറയുമീ പിരിയുന്ന സാന്ധ്യ ശലഭങ്ങളില്‍
ചിരിമഴയും മിഴിനനയും ഒളിചിതറും പ്രണയവും
സുഖമിതിലെ ഗുരുവരവും പുരമിതിലെ കലഹവും

                                                                       ഇതേതോ ശ്യാമതീരം ....
കദനവും കഥനവും കലരുന്ന നേര്‍ത്ത മര്‍മരങ്ങള്‍
കവിതൊടും കവിതയില്‍ കവിയുന്ന കാവ്യമാം കണങ്ങള്‍
കുളിരുറയും ഹരിതമയം മരനിരയിന്‍ മതിലകം
ഇനിയിതിലേയൊരു നവമാം ദിനമൊരു മാത്ര മാത്രമായ്

                                                                       ഇതേതോ ശ്യാമതീരം .....      

Saturday, August 25, 2012

ചന്ദനം മണക്കുന്ന വീട്

        
പുലരെ പൊഴിഞ്ഞ മഴയില്‍ പുളിയിലകളും  പൊഴിഞ്ഞിരുന്നു.  മഴ പെയ്തു തോര്‍ന്ന  വഴിയില്‍ അവ കനം വീണു കിടന്നിരുന്നു. വിളിപ്പാടകലെ ഗെയിറ്റിലെ തൂണില്‍ വിളക്കിനിയും അണഞ്ഞിട്ടില്ലായിരുന്നു. കുളിച്ചീറനായി വരാറുള്ള നിന്‍റെ  പദനിസ്വനം കാതോര്‍ത്തു മയങ്ങാതെ മയങ്ങി ഞാന്‍ കിടന്നു 

           ഓര്‍മകള്‍ക്ക് സുഗന്ധമാണ്. ഓരോരുത്തര്‍ക്കും ഓരോ ഗന്ധവും.ആ സുഗന്ധം  ഇഷ്ടങ്ങളെയും ശീലങ്ങളെയും  ചുറ്റിപ്പറ്റിയാണെന്നുള്ളതാണ് ഏറ്റവും കൌതുകകരം.നിനക്ക് ചന്ദന സോപ്പുകളായിരുന്നു ഇഷ്ടം.നീ വരും വരെ എനിക്കിഷ്ടമില്ലാതിരുന്ന മണം! നിന്നോടൊപ്പം ചന്ദന സോപ്പും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

             കാനയുടെയും പൊടിയുടെയും പിന്നെ, വീട്ടിലേക്കു നടക്കും വഴിയില്‍ കാണാവുന്ന ചെറിയ ചന്തയുടെയും ദുര്‍ഗന്ധങ്ങളില്‍ നിന്നും വീട്ടിലെത്താനുള്ള  വേഗം  തന്നത് എന്നെ കാത്തിരിക്കുന്ന നിന്‍റെ ചന്ദനമണം ആയിരുന്നു.

            കൈപ്പുണ്യത്തെ പുകഴ്ത്തുമ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള പരിചയത്തെ പറ്റിയായിരുന്നു.അതെ, മണമാണ് ഗുണം നിശ്ചയിക്കുന്നത്.കറികളിലെ ചേരുവകളുടെ പാകം, വേവിന്‍റെ പാകം, എന്തിനു, ഒരു നല്ല കാപ്പി പകരുന്ന ഉന്മേഷം പോലും അതിന്റെ സുഗന്ധത്തെ ആശ്രയിച്ചാണെന്നു നീ പഠിപ്പിക്കാറുള്ളത്  ഞായറാഴ്ചകളിലെ നമ്മുടെ പാചക  പരീക്ഷണങ്ങളിലും....

             നഗരം വലിച്ചെറിയുന്ന  ദുര്‍ഗന്ധങ്ങളില്‍ നിന്നും ഞാനിന്നു മുക്തി നേടുന്നത് ചന്ദനമണമുള്ള നമ്മുടെ വീട്ടിലെ, നിന്‍റെ ഈ മാലയിട്ട വലിയ ചിത്രത്തിന് മുന്നിലെരിയുന്ന അഗര്‍ബത്തിയുടെ ചന്ദന ഗന്ധം നുകരുമ്പോഴാണ്. ചന്ദനത്തിനിന്നു നിന്‍റെ സുഗന്ധമാണ്.

            


          

Thursday, August 23, 2012

കഥയിതുവരെ

ഇരുട്ട് പെട്ടന്നൊരു വിരുന്നു വന്നു
കണ്ണ്‍ പുറത്തേയ്ക്കിറങ്ങി നോക്കി
വേറെ ആരെയും കണ്ടില്ല

നിലാവില്ല നിഴല്ചിത്രമില്ല
ബാല്യമല്‍ഭുതം കൂറിയ താരങ്ങളില്ല.
അക്കങ്ങളില്ലക്ഷരതെറ്റ്കളില്ല
പാദങ്ങള്‍  ലംബങ്ങള്‍ കര്‍ണങ്ങളില്ല

നെറുകയിലൊരു തണുത്ത കരം
മടിത്തട്ടിന്‍റെ മാര്‍ദ്ദവം
അമ്മയൊന്നു ചിരിച്ചുവോ?

ഞാന്‍ നടിച്ചൊരു പടം കണ്ടു
ഇനി കാണുന്നതൊന്നും
ആരോടും പറയരുതെന്നൊരു സ്വരം

Tuesday, August 21, 2012

ചാറ്റിംഗ് ;


ചിന്തകള്‍ വിരലുകള്‍ക്കു താളമിട്ടു
ചിരി ... കരച്ചില്‍ - നിശ്ശബ്ദമായി ചിഹ്നങ്ങള്‍ പകുത്തെടുത്തു
ചതുരക്കട്ടകളുടെ വക്കുകള്‍ക്കുള്ളില്‍ ഭാഷ കറുത്തും വെളുത്തും കിടന്നു
ചാര നിറമുള്ള ജാലകങ്ങള്‍ക്കു പിന്നില്‍ മുഖം മറച്ചു
പ്രണയവും  സൗഹൃദവും കാമവുംചിതറി വീണുകൊണ്ടിരുന്നു

Monday, August 20, 2012

ഞാൻ.. നീ.. നമ്മൾ...



ശിലയും ശിവനുമാണു നീയെന്നു അന്ന് നീ എന്റെ കാതിൽ പതിയെ.. കാറ്റ്‌ പോലെ പറഞ്ഞു.. തിര പൊലെ ഞാനതു കേട്ടുകൊണ്ടുമിരുന്നു..

ഒരൊറ്റ വഴി

നീ പുഴ... ഞാൻ കടൽ... എന്നിലേയ്ക്കൊഴുകാതിരിക്കാന്‍  എത്ര നാൾ നിനക്കാവും? അണകൾ കവിയാതെത്രനാൾ നിനക്കൊളിക്കാനാവും? എന്നിലെക്കുള്ള നിന്‍റെ  വഴി കാലം പണ്ടേ വരച്ചിട്ടതാണു.