Thursday, April 14, 2022

ഹാലൂസിനേഷൻ

ഇന്നലെ രാത്രി കിടന്നുറങ്ങിയ മുറിയാ.. ഇന്നിപ്പോ എന്തോ വല്ലാത്തൊരു അപരിചിതത്വം തോന്നുന്നു. കിടക്കക്കാപ്പി സാധാരണ ഉണ്ടാവാറുള്ളിടത്തു കാണാനില്ല. "അമ്മേ.."
നീട്ടി വിളിച്ചു രണ്ടുവട്ടം. ആരും വിളികേട്ടില്ല. "ഡീ.." വാമഭാഗവും നോ പ്രതികരണം. 
ഇവരൊക്കെ ഇതെവിടെപ്പോയി..?
ഹും.. ഇന്നു രാവിലെ പൊളിച്ചടുക്കാനുള്ള വകുപ്പായി. 
ഒന്നു വലിഞ്ഞു മൂരി നിവർത്തിയെണീറ്റു അടുക്കളയിലേക്കു നടന്നു. പരീക്ഷണശ്ശാല ശൂന്യം..!
ഇവിടിന്നു തീ പുകഞ്ഞ ലക്ഷണമില്ലല്ലോ?
 ഇവിടെന്താ നടക്കുന്നതു? 
ഇവരോടൊക്കെ പറഞ്ഞു മടുത്തു ഈ കണ്ണാടി എപ്പോളും വൃത്തിയാക്കി വെക്കണമെന്നുള്ളതു ഇനിയിവിടെ എഴുതി ഒട്ടിക്കണമെന്നാണോ?
അയയിൽ വടിപോലെ കിടന്ന പഴയ തോർത്തു നനച്ചു കണ്ണാടി തുടക്കുമ്പോളാണതു ശ്രദ്ധിച്ചത്‌ - കയ്യിലെ തൊലിയൊക്കെ ചുളിഞ്ഞിരിക്കുന്നു കിളവന്മാരെപ്പോലെ.. കണ്ണാടിയിൽ തെളിഞ്ഞത്‌ അഛന്റെ രൂപം..! തിരിഞ്ഞു നോക്കി.. ആരുമില്ല! അപ്പോ ഇതു ഞാൻ തന്നെയൊ? ഞാനെപ്പൊ അഛനായി? ഇനീപ്പൊ, ഇതു വല്ല സ്വപ്നവുമാണോ? ഒന്നു നുള്ളി നോക്കാം.. ഹോ.. നുള്ളാൻ തോന്നിയത്‌ നന്നായി. കണ്ണു തുറക്കുമ്പോൾ ചുറ്റുമൊരുപാടാളുകളുണ്ടായിരുന്നു. സദനത്തിലെ സിസ്റ്റർ മേരിയമ്മയും തൊട്ടടുത്ത കിടക്കയിലെ സുകുവും പിന്നെ ഗോപാലേട്ടനും മാത്യുവുൂ ഒക്കെ. ഇവരെന്താ ഇങ്ങനെ ബ്ലിങ്ങി നിക്കുന്നെ? ഇതെന്നാടാ സിസ്റ്ററിന്റെ മുന്നീന്നാണൊ ബീടി വലിക്കുന്നെ? ഇവന്മാർക്കൊന്നും ചെവീം തൊളേമൊന്നും കേൾക്കില്ലേ?
ആഹാ ഇതു ബീടിപ്പുകയല്ലല്ലോ? ഇതു സാമ്പ്രാണിപ്പുക. ഇതിനെന്താ മണമില്ലാത്തെ?