Thursday, August 30, 2012

അന്ന പറയിച്ചത് .....

അന്ന ചോദിച്ചു. ഒരാള്‍ക്ക്‌ ഒരാളെയേ  പ്രണയിക്കാന്‍ സാധിക്കു?

ഞാന്‍ ചിന്തിക്കാതെ തന്നെ പറഞ്ഞു.. ഒരിക്കലുമല്ല.

            പ്രണയം ഒരു യാത്രയാണ്.. ആത്മാംശം തേടിയുള്ളോരു യാത്ര.  ഭാവിയിലെവിടെയോ കണ്ടുമുട്ടി വീണ്ടും ഒന്നായിതീരാനുള്ള നമ്മുടെ തന്നെ ആത്മാംശം തേടി.... ആ ആത്മാംശത്തിന്‍റെ പ്രഭ കണ്ട്‌,  ഇഷ്ടം തോന്നുന്ന ഓരോരുത്തരിലും നാം തിരയുന്നത് ആ ആത്മാംശത്തെയാണ്‌..... ....

എന്നാല്‍,

വെറും ആത്മാശ പ്രഭയ്ക്കുമപ്പുറം ഒന്നുംതന്നെ അവരില്‍ സ്ഥിതി ചെയ്യുന്നില്ല എന്നുള്ള നമ്മുടെ തിരിച്ചറിവാണ് ഓരോ പ്രണയത്തിന്‍റെയും അവസാനവും വീണ്ടും യാത്ര തുടരാനുള്ള പ്രചോദനവും....

ഇനിയും ആത്മാംശം തിരഞ്ഞുകൊണ്ട്‌.............
   

Wednesday, August 29, 2012

നാമോരോ കഥകളാണ്

ഓരോ മഴപ്പെയ്ത്തും ഓരോ തിരശ്ശീലയാണ്....
ഓര്‍മ്മകള്‍ തെളിമയോടെ പെയ്തിറങ്ങുന്നൊരു തിരശ്ശീല..
മഴയിലേക്ക് നോക്കിയിരിക്കേ ഞാനും പെയ്യാറുണ്ട്..
മഴയോട് ജയിക്കാനാവില്ലെന്നറിയാമെങ്കിലും


'ഹിജാബി'നു പിന്നില്‍ എന്നിലെക്കുറ്റ് നോക്കുന്ന കണ്ണുകള്‍
നിന്‍റെ നോട്ടത്തിന്‍റെ മൂര്‍ച്ചയോര്‍മിപ്പിച്ചിരുന്നു .
പൊടിക്കാറ്റിന്‍റെ  നേരിയ ഇരമ്പത്തിനകമ്പടിയായി
നിന്‍റെയാ ഒറ്റപ്പാദസരത്തിന്‍റെ ഓര്‍മ്മക്കിലുക്കമുണ്ടോ....?


ഈ മണല്‍ക്കാട്ടില്‍ നിന്‍റെ  ഓര്‍മയ്ക്ക് മീതേ
നിര്‍ത്താതെ പെയ്യുന്ന എന്നെ എനിക്ക് മനസ്സിലാക്കാനാവുന്നില്ല
ഓര്‍മയിലെ മഴശ്ശീലയില്‍ എന്നെ നോക്കി
ചിരി തൂകുന്ന നിന്നെയും...





വിനൈല്‍ ഡിസ്ക്

                പാട്ടിനൊപ്പം ചൂളമടിക്കവേ നാമോര്‍ക്കും പെര്‍ഫെക്റ്റ്‌ പിച്ചിലാണ് നാമത് ചെയ്യുന്നതെന്ന്. നമ്മളെ ശ്രദ്ധിക്കുന്ന ഒരു സംഗീതജ്ഞനു അല്ലെങ്കില്‍ ആ ചൂളമടി റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട ഒരു ടേപ്പിന്  പറയാന്‍ കഴിയും അതെത്ര അരോചകമായിരുന്നെന്നു.
                ഇതെഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു നീയെന്തുകൊണ്ട്‌ എന്നെ വേണ്ടെന്നു വെച്ചെന്ന്... ഒറ്റപ്പെട്ടു പോയൊരു ചൂളം കുത്തല്‍  മാത്രമായി എന്നെ ഞാന്‍ കേള്‍ക്കവേ മനസ്സ് പറയുന്നു ഞാനൊട്ടും ആസ്വാദ്യകരമാല്ലാത്തൊരു ഈണമായിരുന്നെന്നു.  

Monday, August 27, 2012

ലാസ്റ്റ് ഫ്രെയിം

ഒടുവിലെന്‍റെ പ്രണയത്തെ ആവാഹിച്ച ചാരത്തിന് മീതെ
മഴ - നിര്‍ത്താതെ....  ലോലമായി പെയ്തുകൊണ്ടേയിരുന്നു .....


എന്‍റെ കോളെജ്

ഇതേതോ ശ്യാമതീരം
ഇവിടാണെന്‍ സ്വപ്ന ജാലകം
എന്‍ മോഹമിന്നു കാണും
അറിയാന്‍ മറന്ന ലോകം

      ഒരുപിടി സൌഹൃദങ്ങളിന്നേറ്റു പാടുമീ
      സ്നേഹഗാനത്തിനീണം
      ഒരു വാക്കിലൂറുന്ന നോവുതുള്ളിയി -
      ന്നീറനേകുന്ന നേരം
     
                                                                       ഇതേതോ ശ്യാമതീരം ...

പകലുകള്‍  നുകരുമീ  ഒഴുകുന്ന മേഘ ശകലങ്ങളില്‍
ഇരവിതില്‍ മറയുമീ പിരിയുന്ന സാന്ധ്യ ശലഭങ്ങളില്‍
ചിരിമഴയും മിഴിനനയും ഒളിചിതറും പ്രണയവും
സുഖമിതിലെ ഗുരുവരവും പുരമിതിലെ കലഹവും

                                                                       ഇതേതോ ശ്യാമതീരം ....
കദനവും കഥനവും കലരുന്ന നേര്‍ത്ത മര്‍മരങ്ങള്‍
കവിതൊടും കവിതയില്‍ കവിയുന്ന കാവ്യമാം കണങ്ങള്‍
കുളിരുറയും ഹരിതമയം മരനിരയിന്‍ മതിലകം
ഇനിയിതിലേയൊരു നവമാം ദിനമൊരു മാത്ര മാത്രമായ്

                                                                       ഇതേതോ ശ്യാമതീരം .....      

Saturday, August 25, 2012

ചന്ദനം മണക്കുന്ന വീട്

        
പുലരെ പൊഴിഞ്ഞ മഴയില്‍ പുളിയിലകളും  പൊഴിഞ്ഞിരുന്നു.  മഴ പെയ്തു തോര്‍ന്ന  വഴിയില്‍ അവ കനം വീണു കിടന്നിരുന്നു. വിളിപ്പാടകലെ ഗെയിറ്റിലെ തൂണില്‍ വിളക്കിനിയും അണഞ്ഞിട്ടില്ലായിരുന്നു. കുളിച്ചീറനായി വരാറുള്ള നിന്‍റെ  പദനിസ്വനം കാതോര്‍ത്തു മയങ്ങാതെ മയങ്ങി ഞാന്‍ കിടന്നു 

           ഓര്‍മകള്‍ക്ക് സുഗന്ധമാണ്. ഓരോരുത്തര്‍ക്കും ഓരോ ഗന്ധവും.ആ സുഗന്ധം  ഇഷ്ടങ്ങളെയും ശീലങ്ങളെയും  ചുറ്റിപ്പറ്റിയാണെന്നുള്ളതാണ് ഏറ്റവും കൌതുകകരം.നിനക്ക് ചന്ദന സോപ്പുകളായിരുന്നു ഇഷ്ടം.നീ വരും വരെ എനിക്കിഷ്ടമില്ലാതിരുന്ന മണം! നിന്നോടൊപ്പം ചന്ദന സോപ്പും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

             കാനയുടെയും പൊടിയുടെയും പിന്നെ, വീട്ടിലേക്കു നടക്കും വഴിയില്‍ കാണാവുന്ന ചെറിയ ചന്തയുടെയും ദുര്‍ഗന്ധങ്ങളില്‍ നിന്നും വീട്ടിലെത്താനുള്ള  വേഗം  തന്നത് എന്നെ കാത്തിരിക്കുന്ന നിന്‍റെ ചന്ദനമണം ആയിരുന്നു.

            കൈപ്പുണ്യത്തെ പുകഴ്ത്തുമ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള പരിചയത്തെ പറ്റിയായിരുന്നു.അതെ, മണമാണ് ഗുണം നിശ്ചയിക്കുന്നത്.കറികളിലെ ചേരുവകളുടെ പാകം, വേവിന്‍റെ പാകം, എന്തിനു, ഒരു നല്ല കാപ്പി പകരുന്ന ഉന്മേഷം പോലും അതിന്റെ സുഗന്ധത്തെ ആശ്രയിച്ചാണെന്നു നീ പഠിപ്പിക്കാറുള്ളത്  ഞായറാഴ്ചകളിലെ നമ്മുടെ പാചക  പരീക്ഷണങ്ങളിലും....

             നഗരം വലിച്ചെറിയുന്ന  ദുര്‍ഗന്ധങ്ങളില്‍ നിന്നും ഞാനിന്നു മുക്തി നേടുന്നത് ചന്ദനമണമുള്ള നമ്മുടെ വീട്ടിലെ, നിന്‍റെ ഈ മാലയിട്ട വലിയ ചിത്രത്തിന് മുന്നിലെരിയുന്ന അഗര്‍ബത്തിയുടെ ചന്ദന ഗന്ധം നുകരുമ്പോഴാണ്. ചന്ദനത്തിനിന്നു നിന്‍റെ സുഗന്ധമാണ്.

            


          

Thursday, August 23, 2012

കഥയിതുവരെ

ഇരുട്ട് പെട്ടന്നൊരു വിരുന്നു വന്നു
കണ്ണ്‍ പുറത്തേയ്ക്കിറങ്ങി നോക്കി
വേറെ ആരെയും കണ്ടില്ല

നിലാവില്ല നിഴല്ചിത്രമില്ല
ബാല്യമല്‍ഭുതം കൂറിയ താരങ്ങളില്ല.
അക്കങ്ങളില്ലക്ഷരതെറ്റ്കളില്ല
പാദങ്ങള്‍  ലംബങ്ങള്‍ കര്‍ണങ്ങളില്ല

നെറുകയിലൊരു തണുത്ത കരം
മടിത്തട്ടിന്‍റെ മാര്‍ദ്ദവം
അമ്മയൊന്നു ചിരിച്ചുവോ?

ഞാന്‍ നടിച്ചൊരു പടം കണ്ടു
ഇനി കാണുന്നതൊന്നും
ആരോടും പറയരുതെന്നൊരു സ്വരം

Tuesday, August 21, 2012

ചാറ്റിംഗ് ;


ചിന്തകള്‍ വിരലുകള്‍ക്കു താളമിട്ടു
ചിരി ... കരച്ചില്‍ - നിശ്ശബ്ദമായി ചിഹ്നങ്ങള്‍ പകുത്തെടുത്തു
ചതുരക്കട്ടകളുടെ വക്കുകള്‍ക്കുള്ളില്‍ ഭാഷ കറുത്തും വെളുത്തും കിടന്നു
ചാര നിറമുള്ള ജാലകങ്ങള്‍ക്കു പിന്നില്‍ മുഖം മറച്ചു
പ്രണയവും  സൗഹൃദവും കാമവുംചിതറി വീണുകൊണ്ടിരുന്നു

Monday, August 20, 2012

ഞാൻ.. നീ.. നമ്മൾ...



ശിലയും ശിവനുമാണു നീയെന്നു അന്ന് നീ എന്റെ കാതിൽ പതിയെ.. കാറ്റ്‌ പോലെ പറഞ്ഞു.. തിര പൊലെ ഞാനതു കേട്ടുകൊണ്ടുമിരുന്നു..

ഒരൊറ്റ വഴി

നീ പുഴ... ഞാൻ കടൽ... എന്നിലേയ്ക്കൊഴുകാതിരിക്കാന്‍  എത്ര നാൾ നിനക്കാവും? അണകൾ കവിയാതെത്രനാൾ നിനക്കൊളിക്കാനാവും? എന്നിലെക്കുള്ള നിന്‍റെ  വഴി കാലം പണ്ടേ വരച്ചിട്ടതാണു.