Friday, September 7, 2018

പുതപ്പിന്നക്കരെ


ഒരു പുതപ്പിന്നിക്കരെയക്കരെ കടലാഴങ്ങൾ. പരിഹാരമില്ലാത്ത പഴിയാഴങ്ങൾ. മഞ്ഞുമല.. മരുഭൂമി.. ആണ്ടിലൊരിക്കൽ മഴകനിയുന്ന സമതല സമയങ്ങൾ. നിമിഷാർദ്ധപ്പൂക്കൾ. മിഴിചിമ്മലിലണഞ്ഞകന്ന സന്ധ്യാംബരം. ചുവപ്പ്‌. തലച്ചോറിൽ ചോരമണം. ഞൊടിമരണങ്ങൾ. കലണ്ടർ ഓർപ്പിച്ച ദിനങ്ങളിലെ നനുത്ത ഓർമ്മക്കാറ്റ്‌. രൗദ്രം ചുടുകാറ്റ്‌. ഇരുകാൽനട. ചുടുവഴിപ്പൊള്ളൽ. കാറ്റിനോടു കൊതി. ഒന്നാകാൻ പെറ്റ നൊവിനുമ്മേലെ രണ്ടിടത്താകാനൊരിരട്ട നോവ്‌. മറന്ന പുഞ്ചിരികൾ. വരണ്ട മിഴിയിണകൾപ്പെറ്റിട്ട രണഭേരികൾ. നെഞ്ചു വിങ്ങുന്ന അലർച്ചകൾ. തലയിണ കുതിർത്ത നദിയിണകൾ. മുന്നിൽ നീണ്ടു നീണ്ടൊരു വഴി. നാമൊന്നിക്കുമ്പോഴിവിടിരുവശവുമുദ്യാനമായിരുന്നുപോലും. നീ കണ്ടെത്തിയ വഴിയേ നടകൊൾക. അവിടൊരുദ്യാനമുണ്ടെങ്കിൽ എനിക്കു മാപ്പു നൽകുക. ഞാനിവിടെയീ വെയിലത്തൽപ്പമിരിക്കട്ടെ.

നോക്കുകുത്തി


പലഭാഗത്തും കൃഷി നിലച്ചു കഴിഞ്ഞ ആ പഴയ വലിയ പാടശേഖരത്തിന്റെ വരമ്പിലൂടെ നടക്കുമ്പോഴെല്ലാം ഒടിഞ്ഞു വീഴാറായ ആ നോക്കുകുത്തിയെപ്പറ്റി ആലോചിക്കാറുണ്ട്‌...ജന്മനാ കാതുകളില്ലാത്ത , പ്രത്യക്ഷത്തിൽ വെറുമൊരു കോലമാണതെങ്കിലും ജീവിതങ്ങളോട്‌ എവിടൊക്കെയോ താദാദ്മ്യപ്പെടാറുള്ള വയ്ക്കോൽ കോലങ്ങൾ... ജീവിതം പലപ്പൊഴും നമ്മിൽ പലരെയുമിതുപോലെ കൊണ്ടുപോയങ്ങു നിർത്തും... പൊന്നിൻ നിറമുള്ള നെൽപ്പാടത്തിന്റെ ഉടയോനാണു നീയെന്നും പറഞ്ഞു... ചിലപ്പോൾ തോന്നും, കാതില്ലാത്തവൻ കണ്ണുകൊണ്ടു ചൊടിയുടെ ചലനങ്ങളെ ഉന്നം പിടിച്ചു കേൾക്കാൻ ശ്രമിക്കുന്നൊരു ഭാവമായതു കൊണ്ടാവണം നോക്കുകുത്തിക്കു ഇങ്ങനൊരു പേരു കിട്ടിപ്പോയതെന്ന് . ലക്ഷണമൊക്കാത്ത ഉടയാടകൾക്കും മാറ്റാൻ കൊതിച്ചാലും അതിനാകാത്തത്രയാഴത്തിൽ കോറിയിടപ്പെട്ടൊരു ചിരിഭാവത്തിനുമുള്ളിൽ നന്മയുടെ വയ്ക്കോൽ മണമുള്ളൊരു ഹൃദയമുണ്ടാകുമോ അതിൽ? ഉണ്ടെങ്കിൽ അതുകൊണ്ടു തന്നെയാവും നോക്കുകുത്തി വെറും നോക്കുകുത്തിയായിപ്പോകുന്നത്‌.. ആരൊക്കെയോ സൗകര്യപൂർവം വരച്ചുചേർക്കാൻ വിട്ടുപോയ കാതുകൾക്കു ആരോടു പരാതി പറയണമെന്നറിയാതെ, വെയിലിലും മഴയിലും ഒരേ ഭാവവുമായ്‌ നമ്മളിൽ ചിലരും.. കണ്ണുകളെ കാതുകളാക്കാൻ വൃഥാ ശ്രമിച്ചും കൊണ്ട്‌... മുറിച്ചു വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ വലിയ പാടത്തിലിനിയും സ്വന്തമായിത്തിരി പൊൻ-വെയിൽ കാണാനാവുമെന്നു കരുതിക്കൊണ്ട്‌... ഒടുവിലീ വരമ്പറ്റമെങ്കിലും തന്റേതായുണ്ടാവുമെന്നു പ്രതീക്ഷിച്ചു കൊണ്ട്‌...

ചെല്ലപ്പേരു


മരിക്കുന്നെങ്കിൽ അതൊരു തണുപ്പു കാലത്തു വേണം.. മഞ്ഞു മൂടിയൊരു പുലർച്ചെ. അടിവസ്ത്രങ്ങളിൽ മാത്രമാവണം തലേന്നുറങ്ങാൻ കിടക്കേണ്ടതു. രാവിന്റെ തണുപ്പു മുഴുവനും ശരീരത്തിലേയ്ക്കാവാഹിക്കണം. തണുപ്പിന്റെ മരവിപ്പും മരണത്തിന്റെ മരവിപ്പും തമ്മിൽ തിരിച്ചറിയാതെ വേണം മരിക്കാൻ... മരണത്തിനു വല്ലാത്തൊരു തണുപ്പാണെന്നു ഞാൻ തന്നെ പണ്ടെപ്പൊഴോ എഴുതിയിട്ടുണ്ട്‌. ഒരുപക്ഷേ, അതെന്റെ വെറുമൊരു സങ്കൽപമായിരിക്കാമെങ്കിൽക്കൂടി, എനിക്കങ്ങനെ കരുതാനാണിഷ്ടം. കാരണം, ഈ തണുപ്പിൽ എല്ലാം തന്നെ അവ്യക്തവും നിശ്ചലവുമാണു. അതുപോലെ, മരണമെന്നതു എല്ലാം നിശ്ചലമാകുന്നൊരു മുഹൂർത്തവും. ജീവിതത്തിന്റെ എല്ലാ അർഥങ്ങളും ആശകളും ആശങ്കകളുമൊക്കെ ഒരു നിമിഷാർഥം കൊണ്ട്‌ എരിഞ്ഞടങ്ങുന്ന മുഹൂർത്തം. എനിക്കൊരു കൊതി മാത്രം ബാക്കിയുണ്ടാകും അപ്പൊഴും... ജീവിതത്തിന്റെ മരവിപ്പിന്റെ അതിർത്തി കടന്നു മരണത്തിന്റെ മരവിപ്പിലേയ്ക്കു കാലൂന്നും മുന്നേ എനിക്കു ഞാൻ നിന്നെ വിളിക്കാറുള്ള ചെല്ലപ്പേരു ഒത്തിരി സ്നേഹത്തോടെയൊന്നു വിളിക്കണം... നീയതു കേട്ടുവെന്നും എന്തോന്നു വിളികേട്ടെന്നും സുന്ദരമായി പുഞ്ചിരിച്ചെന്നും ഞാൻ മനസ്സിൽ കാണും... പിന്നെ, ഈ മരുഭൂമിയിലെ തണുപ്പുകാലം പോലെ വിരസമായ മരണത്തിലേയ്ക്കു മെല്ലെ മെല്ലെ.....