Saturday, August 25, 2012

ചന്ദനം മണക്കുന്ന വീട്

        
പുലരെ പൊഴിഞ്ഞ മഴയില്‍ പുളിയിലകളും  പൊഴിഞ്ഞിരുന്നു.  മഴ പെയ്തു തോര്‍ന്ന  വഴിയില്‍ അവ കനം വീണു കിടന്നിരുന്നു. വിളിപ്പാടകലെ ഗെയിറ്റിലെ തൂണില്‍ വിളക്കിനിയും അണഞ്ഞിട്ടില്ലായിരുന്നു. കുളിച്ചീറനായി വരാറുള്ള നിന്‍റെ  പദനിസ്വനം കാതോര്‍ത്തു മയങ്ങാതെ മയങ്ങി ഞാന്‍ കിടന്നു 

           ഓര്‍മകള്‍ക്ക് സുഗന്ധമാണ്. ഓരോരുത്തര്‍ക്കും ഓരോ ഗന്ധവും.ആ സുഗന്ധം  ഇഷ്ടങ്ങളെയും ശീലങ്ങളെയും  ചുറ്റിപ്പറ്റിയാണെന്നുള്ളതാണ് ഏറ്റവും കൌതുകകരം.നിനക്ക് ചന്ദന സോപ്പുകളായിരുന്നു ഇഷ്ടം.നീ വരും വരെ എനിക്കിഷ്ടമില്ലാതിരുന്ന മണം! നിന്നോടൊപ്പം ചന്ദന സോപ്പും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

             കാനയുടെയും പൊടിയുടെയും പിന്നെ, വീട്ടിലേക്കു നടക്കും വഴിയില്‍ കാണാവുന്ന ചെറിയ ചന്തയുടെയും ദുര്‍ഗന്ധങ്ങളില്‍ നിന്നും വീട്ടിലെത്താനുള്ള  വേഗം  തന്നത് എന്നെ കാത്തിരിക്കുന്ന നിന്‍റെ ചന്ദനമണം ആയിരുന്നു.

            കൈപ്പുണ്യത്തെ പുകഴ്ത്തുമ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള പരിചയത്തെ പറ്റിയായിരുന്നു.അതെ, മണമാണ് ഗുണം നിശ്ചയിക്കുന്നത്.കറികളിലെ ചേരുവകളുടെ പാകം, വേവിന്‍റെ പാകം, എന്തിനു, ഒരു നല്ല കാപ്പി പകരുന്ന ഉന്മേഷം പോലും അതിന്റെ സുഗന്ധത്തെ ആശ്രയിച്ചാണെന്നു നീ പഠിപ്പിക്കാറുള്ളത്  ഞായറാഴ്ചകളിലെ നമ്മുടെ പാചക  പരീക്ഷണങ്ങളിലും....

             നഗരം വലിച്ചെറിയുന്ന  ദുര്‍ഗന്ധങ്ങളില്‍ നിന്നും ഞാനിന്നു മുക്തി നേടുന്നത് ചന്ദനമണമുള്ള നമ്മുടെ വീട്ടിലെ, നിന്‍റെ ഈ മാലയിട്ട വലിയ ചിത്രത്തിന് മുന്നിലെരിയുന്ന അഗര്‍ബത്തിയുടെ ചന്ദന ഗന്ധം നുകരുമ്പോഴാണ്. ചന്ദനത്തിനിന്നു നിന്‍റെ സുഗന്ധമാണ്.

            


          

No comments:

Post a Comment