Friday, November 16, 2012

ചതച്ചുകുത്തി

           മഴയത്തൊരു മലകയറണം ... മുന്നിലുള്ള മറ്റൊരു മരുവര്‍ഷം മുഴുവന്‍ നനയാനുള്ള ഓര്‍മ്മകള്‍ ശേഖരിക്കാന്‍... ചിന്ത ചുരത്തുന്ന എല്ലാ വികാരങ്ങള്‍ക്കും നനവേകി വളര്‍ത്തുന്നത് ഓര്‍മ്മയിലെ   മഴക്കാഴ്ചകളാണ്....

          വിതുമ്പാന്‍ വെമ്പിനില്‍ക്കുന്ന ആകാശത്തിന്‍റെ നൊമ്പരവും... തളിരിലത്തുമ്പു തട്ടിച്ചിതറുന്ന പുത്തന്‍ മഴത്തുള്ളികളുടെ പൊട്ടിച്ചിരിയും... വേനലില്‍ ശാന്തമായ് ഒഴുകിയ പുഴയെ രുദ്രയാക്കിയ മഴയുടെ കോപവും..... മനസ്സിനെ തലോടിയ ചാറ്റല്‍ മഴയുടെ സാന്ത്വനവും പിന്നെ, ഒരുമിച്ചൊരുപാടു നനഞ്ഞ കൌമാര പ്രണയത്തിന്‍റെ മറക്കാനാവാത്ത ഇളം ചൂടും   ഒക്കെ ഞാനറിഞ്ഞത് എന്‍റെ നാട്ടില്‍.. തൊടിയിലും മുറ്റത്തും പുഴയിലും കൈത്തോട്ടിലും കുന്നിന്‍ ചരിവിലെ തോട്ടങ്ങളിലും പൂഴി നനച്ചു ഇടവഴികളിലും പെയ്തു പെയ്തു കഥ പറഞ്ഞ എന്‍റെ പ്രിയപ്പെട്ട  മഴയിലൂടെയാണ്...

 എന്‍റെ നാട്.... എന്‍റെ മഴ.... എന്‍റെ സ്വപ്നം.....  

അകലെയെപ്പോഴോ ഒരു മഴക്കാലം എന്നെ കാത്തിരിക്കുന്നുണ്ട്... ഞാന്‍ വീണടിഞ്ഞുറങ്ങവേ എനിക്കും മീതെ മണ്ണ് നനച്ചു എന്‍റെ പ്രിയരാഗം പെയ്തിറങ്ങുന്നൊരു മഴക്കാലം .....  


       

1 comment:

  1. ആ മഴക്കാലം നമുക്കു വേണ്ടി മാത്രം പെയ്യാന്‍ വിതുമ്പി നില്‍ക്കുകയാണ് ... :)

    ReplyDelete