Friday, November 23, 2012

മധുവും വിധുവും ജീവിതവും


ആടണം വിരല്‍ത്തുമ്പുകളില്‍
ത്രസിക്കുന്ന അവസാന കമ്പനം വരെയും
ആടിത്തിമിര്‍ക്കണം
കിതപ്പുകള്‍ എണ്ണിയെടുക്കുന്ന
അവസ്സാന  ശ്വാസം വരേയും
ബന്ധങ്ങള്‍ മുറുക്കിയ
തോല്ച്ചെണ്ട പൊട്ടുമാരുച്ചത്ത്തില്‍
രക്തവും രേതസ്സും
തമ്മിലടിക്കുന്ന താളത്തിനും മീതെ-
യാടിതിമിര്‍ക്കണമെനിക്കൊരിക്കല്‍

Monday, November 19, 2012

കാഴ്ച.. കര ... പിന്നെ നീയും

കണ്ണിനെ മൂടി ഒരു ഹൃദയം... അതിനെയും മൂടി കടല്‍ പോലെ നിന്‍റെ  പ്രണയം... അതിനു കുളിരുണ്ടെന്നാരും പറഞ്ഞിട്ടല്ല... പറയാതെയെല്ലാം പറഞ്ഞാണതിനു ശീലമെന്ന് കാലമെവിടെയോ കോറിയിട്ടു പോലും...

ശലഭാവിഷ്കാരങ്ങൾ

ഒരിക്കലും കരുതിയതല്ല ഇവിടെയെത്തിപ്പെടുമെന്ന്....
യാദൃശ്ചികങ്ങളില്‍ വിശ്വസിക്കാനിഷ്ടമില്ലെങ്കിലും ....
അങ്ങനെയൊക്കെ എന്തൊക്കെയോ മനുഷ്യരെ ചുറ്റിപ്പറ്റി അരങ്ങേറുന്നുണ്ട്‌ ...
ഞാന്‍ ചിന്തിക്കാറുണ്ട് നൂറു കണക്കിന് മൈലുകള്‍ അകലെ ജീവിച്ചിരുന്ന , ഒരേ ഇഷ്ടങ്ങളും ആശയങ്ങളുമുള്ള ആളുകളെ എങ്ങനെ നമുക്ക് സുഹൃത്തുക്കളായി ലഭിക്കുകയും അവരില്‍ പലരും ജീവിതത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ കൂട്ടായി  എന്ന്.എന്തിനേറെ പറയണം എനിക്കിന്നു കൂട്ടായുള്ള നീ പോലുമൊരു അൽഭുതമാണിപ്പോഴും 

കണി

നീയും മഴയും ഇറയത്തുണ്ടായിരുന്നു
ഞാനും നിങ്ങളോട് ചേര്‍ന്നു
മഴ പാട്ട് തുടര്‍ന്നു
സിരകളില്‍  നാം പകുത്തു കുടിച്ച
കാപ്പിയുടെ ചൂട്
ചൂട് നുകര്‍ന്ന് ഒരുടലായി നാം
പ്രജ്ഞയിലെവിടെയോ
കാപ്പിപ്പാത്രം മറിഞ്ഞു വീണ ശബ്ദം
ഞെട്ടിത്തുറന്ന കണ്ണിലേക്കു
മുറിനിറഞ്ഞു തുളുംബിയ വെട്ടം
കാതില്‍ ജോലിക്ക് വിളിക്കുന്ന
അലാറത്തിന്‍റെ  വെറുപ്പിക്കല്‍
ഒരു നിമിഷം കൂടി....
പിണച്ച കയ്യില്‍ തലയമര്‍ത്തി
വീണ്ടും കാണാന്‍ കൊതിച്ചു
നീയും മഴയും നമ്മുടെ വീടിന്റെ
ഇറയത് നില്‍ക്കുന്നത്

  

Friday, November 16, 2012

ന്യൂസ്‌ റീഡര്‍

   ടിവിയില്‍ ഫ്ലാഷ് ന്യൂസ്‌ വായിക്കാന്‍ വരുന്നവളെപ്പോലെ നീ ഇടയ്ക്കിടെ മനസ്സിലെക്കൊടിയെത്തുന്നു.... "നേരോടെ നിര്‍ഭയം നിരന്തരം"   മിസ്‌ യൂ എന്ന് പറഞ്ഞിട്ട് പോകുന്നു.....

   

സ്പര്‍ശം

നിന്നെ തൊട്ട നിലാവിന്‍റെ കിരണങ്ങളെ
ഞാന്‍ നഖങ്ങളെന്നു വിളിച്ചു


പതിയെ, ഞാനും നിലാവാകാന്‍ കൊതിച്ചു



  

ചതച്ചുകുത്തി

           മഴയത്തൊരു മലകയറണം ... മുന്നിലുള്ള മറ്റൊരു മരുവര്‍ഷം മുഴുവന്‍ നനയാനുള്ള ഓര്‍മ്മകള്‍ ശേഖരിക്കാന്‍... ചിന്ത ചുരത്തുന്ന എല്ലാ വികാരങ്ങള്‍ക്കും നനവേകി വളര്‍ത്തുന്നത് ഓര്‍മ്മയിലെ   മഴക്കാഴ്ചകളാണ്....

          വിതുമ്പാന്‍ വെമ്പിനില്‍ക്കുന്ന ആകാശത്തിന്‍റെ നൊമ്പരവും... തളിരിലത്തുമ്പു തട്ടിച്ചിതറുന്ന പുത്തന്‍ മഴത്തുള്ളികളുടെ പൊട്ടിച്ചിരിയും... വേനലില്‍ ശാന്തമായ് ഒഴുകിയ പുഴയെ രുദ്രയാക്കിയ മഴയുടെ കോപവും..... മനസ്സിനെ തലോടിയ ചാറ്റല്‍ മഴയുടെ സാന്ത്വനവും പിന്നെ, ഒരുമിച്ചൊരുപാടു നനഞ്ഞ കൌമാര പ്രണയത്തിന്‍റെ മറക്കാനാവാത്ത ഇളം ചൂടും   ഒക്കെ ഞാനറിഞ്ഞത് എന്‍റെ നാട്ടില്‍.. തൊടിയിലും മുറ്റത്തും പുഴയിലും കൈത്തോട്ടിലും കുന്നിന്‍ ചരിവിലെ തോട്ടങ്ങളിലും പൂഴി നനച്ചു ഇടവഴികളിലും പെയ്തു പെയ്തു കഥ പറഞ്ഞ എന്‍റെ പ്രിയപ്പെട്ട  മഴയിലൂടെയാണ്...

 എന്‍റെ നാട്.... എന്‍റെ മഴ.... എന്‍റെ സ്വപ്നം.....  

അകലെയെപ്പോഴോ ഒരു മഴക്കാലം എന്നെ കാത്തിരിക്കുന്നുണ്ട്... ഞാന്‍ വീണടിഞ്ഞുറങ്ങവേ എനിക്കും മീതെ മണ്ണ് നനച്ചു എന്‍റെ പ്രിയരാഗം പെയ്തിറങ്ങുന്നൊരു മഴക്കാലം .....