Thursday, December 25, 2014

നമുക്ക്‌

അടുത്തേയ്ക്കു വരൂ.. ഭ്രാന്തുപിടിച്ച പ്രണയികളെപ്പോലെ ഒരു ദിവസ്സം ചെലവഴിക്കാം നമുക്ക്‌... പുല്ലുമൂടിയൊരു മൊട്ടക്കുന്നിൻ മുകളിലേയ്ക്കോടിക്കയറാം എന്നിട്ട്‌, അവിടെനിന്നും അങ്ങുതാഴെ അരുവിക്കരവരേയും കെട്ടിപ്പിടിച്ചുരുണ്ടുമറിയാം നമുക്ക്‌. എന്നിട്ടു മുട്ടോളം വെള്ളത്തിൽ നിലം തൊട്ടു മുങ്ങി, പരസ്പരം കണ്ണിൽ നോക്കി ശ്വാസം മുട്ടുംവരെ കിടക്കാം.. പൊടുന്നനെ നിവർന്നുയർന്നു കിതച്ചു തുടരെ ചുമച്ചു കിതച്ച്‌ ഭ്രാന്തുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു ചുംബിച്ചു ശ്വാസം പകരാം നമുക്ക്‌... ഗാഢമായൊരാലിംഗനത്തിൽനിന്നുമയഞ്ഞ്‌ " പച്ചില ചവിട്ട്‌" കളിച്ചു കുന്നിൻ മുകളിലേയ്ക്കു വീണ്ടും കയറാം നമുക്ക്‌. ഉയരത്തിൽ, ഒത്തിരി താഴെക്കാണുന്ന സമതലത്തിലേയ്ക്കു നീണ്ടുനിൽക്കുന്ന കരിമ്പാറയുടെ മൂക്കിന്തുമ്പിൽ കാലുതാഴേയ്ക്കിട്ട്‌ പേടിയില്ലാതെയിരിക്കാം നമുക്ക്‌... അവിടെ നിന്നും പരസ്പരം പേരുകൾ വിളിച്ചുകൂവി പ്രതിധ്വനിക്കു കാതോർക്കാം നമുക്ക്‌.. പിന്നെ, പറയാതെ വന്ന മഴയിൽത്തണുത്ത നമ്മളെ ചുംബനങ്ങളാൽ ചൂടാക്കാം നമുക്ക്‌... എന്നിട്ടു വീണ്ടും ഭ്രാന്തിന്റെ ഉയരത്തിലേയ്ക്ക്‌ കിതപ്പോടെ ഓടിക്കയറാം നമുക്ക്‌

Tuesday, December 9, 2014

കൊടിയേറ്റം

കരളുകൊണ്ടു സ്നേഹിക്കാനിനിയും കലഹിക്കാം നമുക്ക്‌..
കൊതിയെല്ലാം വലം കയ്യുടെ ചൂണ്ടാണി വിരലിലാവാഹിച്ചു
വിരഹത്തിന്റെ മഞ്ഞുകാലം കഴിയാൻ കാത്തിരിക്കാം..
അന്ന്‌..,
ക്ഷമാപണങ്ങൾ നെറുകയിലലിയുന്നൊരു ചുംബനത്തിലും, പരിഭവങ്ങൾ വരിഞ്ഞുമുറുക്കിയൊരാലിംഗനത്തിലും അലിഞ്ഞു പൊകട്ടെ!
നമ്മൾ കൊതിച്ച നമ്മുടെ മാത്രം ലോകത്തിനിയുത്സ്സവം കൊടിയേറട്ടെ!!

Sunday, October 5, 2014

അജ്ഞാതം

ഞാൻ പണ്ടേ ആ വാതിലങ്ങടച്ചു..ആർക്കും കടന്നു വരാനാവാത്തവിധം... പക്ഷെ, എനിക്കു മനസ്സിലാകാത്തതു  സ്വപ്നങ്ങളുടെയും വാക്കുകളുടെയും വരകളുടെയും വാതിലുകൾ ഭേദിച്ചു നീ- നീ മാത്രമെങ്ങിനെ അകത്തു കടക്കുന്നുവെന്നാണു...

Friday, October 3, 2014

നിറം - സ്വപ്നം - തീർത്ഥാടനം


നീ നിറം ചാലിച്ച ചിരി പകരുകയായിരുന്നു ചുറ്റിലുമുള്ള എല്ലാറ്റിലും.. എല്ലാവരിലും....

പക്ഷെ, എനിക്കു മുന്നിൽ മാത്രം നിന്റെ നിറംകെട്ട ലോകം നീ തുറന്നിട്ടത്‌ എന്നിലുള്ള നിന്റെ വിശ്വാസമോ സ്നേഹാധിക്യമോ? 

കണ്ണീർ പടർന്നലിഞ്ഞു പോയ, പലയിടങ്ങളിലും അവ്യക്തമായിപ്പോയ വരകൾ... കഥകൾ...

ഞാൻ നിറം തേടുകയായിരുന്നു.. ആ വരണ്ട കറുത്ത വരകൾക്കരികിലൂടെ പുതിയ വരകൾ വരച്ച്‌ അവയ്ക്ക്‌ നിറം പകരാൻ.. എന്റെ കണ്ണീരിൽ, ഞാൻ വരയ്ക്കുന്ന വരകൾ നേർത്തു പോകുന്നുവോ?

കടുത്ത നിറങ്ങളുള്ള സ്വപ്നങ്ങളാണു നിദ്രയിൽ നിറയെ..
ശ്രദ്ധയോടെ അവയെ ഓർത്തെടുക്കാനുള്ള കൊതിയോടെയുള്ള ഓരോ ഉണരലും  അശ്രദ്ധമായി... നിർദ്ദയമായി അവയെ മായ്ച്ചുകളയുന്നു...

ഞാനൊരിക്കലുമുണരാതിരുന്നെങ്കിൽ... !!!

ആ നീണ്ട നിദ്രയിലാണ്ടു കിടക്കുന്നൊരു കിനാവിൽ  നമുക്കൊന്നിച്ചൊരു യാത്ര പോകണം..

നക്ഷത്രങ്ങൾ പ്രദക്ഷിണം തുടങ്ങുന്നിടത്തേയ്ക്ക്‌..
മഞ്ഞുകണിക രൂപംകൊള്ളുന്നിടത്തേയ്ക്ക്‌..
കാറ്റിനു ശബ്ദമില്ലാത്തിടങ്ങളിലേയ്ക്ക്‌..

നമ്മൾ, നമ്മൾ മാത്രമായിരിക്കൊന്നൊരിടം..
വെറും സ്ത്രീയും പുരുഷനുമായി നാം മാറുന്നൊരിടം..
നിലംതൊടാ മഴത്തുള്ളികളിൽ നനയണം നമുക്ക്‌..

ശരത്‌ കാലത്തുണങ്ങിയ നിലത്ത്‌ തൊട്ടു തൊട്ടില്ലയെന്നപോൽ പറക്കുന്ന രണ്ടു തൂവലുകൾ നാം...

ഗ്രീഷ്മം തളർത്താത്ത പ്രേമവും പേറി ഇനിയുമിനിയും നക്ഷത്രങ്ങൾക്കൊപ്പം പറഞ്ഞുവന്ന ഈ വഴികളിലൂടെയൊക്കെ എല്ലാക്കാലങ്ങളിലും ജന്മങ്ങളിലും നാമുണ്ടാവും.

Tuesday, September 30, 2014

വെളിയിലിപ്പൊഴും ഡിസംബറാണ്‌

അതെ ഇതൊരു ഗുഹതന്നെയാണു.
കാണാൻ കഴിയുന്നുണ്ട്‌, 
ഇരു വശങ്ങളിലും അങ്ങു ദൂരെ വെളുത്ത കമാനങ്ങൾ.
കാലിൽ ചങ്ങലക്കിലുക്കം.

വേദന അറിയാൻ കഴിയുന്നില്ലല്ലോ...

ചുറ്റിലുമുള്ള ഇരുട്ടുപോലെ കനമുള്ള മരണ ഭയമാണോ?
അതോ, ദൂരെയെങ്ങോ നിന്നും അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന തീവണ്ടിമുഴക്കാമാണോ എന്നെയിപ്പോൾ ഗ്രസിക്കുന്നത്‌?

ഇടത്തേ കമാനത്തിലൂടൊരു വലിയ മിന്നാമിനുങ്ങു ഇരുട്ടു തുളച്ച്‌ ഉറക്കെയൊച്ചവെച്ചു പാഞ്ഞു പോകുന്നു.

പ്രജ്ഞയുടെ അവസാന ഞൊടിയിൽ സത്യം!

ഗ്രസിച്ചതിന്റെയെല്ലാമർത്ഥം ഒന്നുതന്നെയായിരുന്നു.

നിന്നെ നഷ്ടപ്പെടുകയെന്നാൽ മൃതിയാണെന്നു റ്റീച്ചർ പറഞ്ഞതോർത്തു.

തറവാടു

ഓർക്കുട്ട്‌ ഒരു സംഭവമായിരുന്നു എന്ന തിരിച്ചറിവു ഇപ്പൊളാ ഉണ്ടായെ..  അതോ ആ പഴയ ഓർമ്മകളുടെ മധുരംകൊണ്ടു തോന്നുന്നതോ?
എന്തായാലും ഇന്നവിടെ വരെയൊന്നു പോയി. ഒത്തിരിയായി അങ്ങോട്ടേയ്ക്കൊന്നു എത്തിനോക്കീട്ടു തന്നെ. ഫേസ്ബുക്കിലൊരു വീടെടുത്തേൽപ്പിന്നെ, തറവാട്ടിലേക്കൊന്നു തിരിഞ്ഞു നോക്കീട്ടില്ല. അതെങ്ങനാ, പുതിയ വീട്ടീന്നൊന്നിറങ്ങീട്ട്‌ വേണ്ടെ? പണ്ട്‌ ഭിത്തിയിൽ വരച്ചിട്ടതൊക്കെ മായാതെയുണ്ടിപ്പഴുമവിടെ. പിന്നെ കുറേ പഴയ ഫോട്ടോകളുണ്ടാരുന്നതു മൊത്തമിങ്ങു കൊണ്ടുപോന്നു. ഇന്നു രാത്രിതന്നെ ജപ്തിചെയ്ത തറവാടു പൊളിക്കുമെന്നാ കേട്ടെ. എന്നാപ്പിന്നെ ആ ഫോട്ടോകളെങ്കിലും ഇരിക്കട്ടെ. തറവാടിന്റെ ഒരു ഫോട്ടോയും എടുത്തു സ്ക്രീൻ ഷോട്ടായി.

കുറേ സമയം ആ വരാന്തയിലിരുന്നു പിന്നെ എല്ലാ മുറികളിലുമൊന്നു ചുറ്റിവന്നു. ഒത്തിരി പ്രിയപ്പെട്ട കുറേപ്പേർ... ഒരുപാടോർമകൾ... പലരേയും നഷ്ടപ്പെട്ടു... ചിലരുടെയൊന്നും ഓർമ്മപോലുമിന്നില്ല.. എങ്കിലും ഒരു നൊടിയിട കൊണ്ട്‌ ആ പഴയ ഓർമ്മക്കാലങ്ങളിലൂടൊക്കെ പോയ്‌ വന്നു. പണ്ടെനിക്കാരൊക്കെയോ ആയിരുന്നവർ ഇന്നു മറ്റാരൊക്കെയോ ആണു.. ആരുമല്ലാതായിപ്പോയവരും കുറവല്ല.

എന്തായാലും അതൊരു കാലഘട്ടത്തിന്റെ ഓർമയാണു... പൊളിഞ്ഞു വീഴാറായ ഏതൊരു തറവാടും പോലെ... ഓർമ്മകളുടെ കനം പേറി നിലമ്പൊത്താറായ ഒന്ന്...

Friday, September 26, 2014

വിജയി ഏകനല്ല


പുരുഷന്റെ വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്നാണു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നൊരു വസ്തുത.
പലരുടെയും പരാജയത്തിനു ചുക്കാൻ പിടിച്ചിട്ടുള്ളതും സ്ത്രീ തന്നെ.

സ്ത്രീ.... യുദ്ധങ്ങൾക്കും യുദ്ധ വിജയങ്ങളുടെയും പ്രേരകമായവൾ...

അർത്ഥവത്തായ കേവലമൊരു നോട്ടം കൊണ്ടുപോലുമൊരുവനെ , നിരാശയുടെ കുഴിയിൽ നിന്നും എഴുന്നേറ്റു വിജയത്തിന്റെ മലമുകളിയ്ക്കു കുതിക്കാൻ കരുത്തു കൊടുക്കുന്നവൾ...

മരുമകളിൽ നിന്നും മകളിലേയ്ക്കുള്ള ദൂരം കുറയുന്നതിന്റെ അടിസ്ഥാന കാരണവും ഇതാണെന്നാണെന്റെ പക്ഷം.

ഒരമ്മയാകുക എന്നതിലുമുപരി ഒരച്ഛനു ജന്മം നൽകുന്നിടത്താണു സ്ത്രീ വിജയിയാകുന്നതു.
വിശ്വസ്തതതയുടെ സ്വച്ഛമായ നീല ജലാശയം പോലെ തന്റെ ചുറ്റുമുള്ള ജീവിതങ്ങൾക്കു പരിശുദ്ധിയും ജീവനും പകർന്നുകൊണ്ടേയിരിക്കലാണു സ്ത്രീ ധർമ്മമെന്നും ചിന്തിക്കാറുണ്ട്‌.

ഞാനുമിപ്പോൾ തിരിച്ചറിയുകയാണു, എന്റെ മണവാട്ടി
എന്റെ അതിജീവനത്തിന്റെ പ്രേരകവും ആത്മാവിന്റെ ഊഷ്മളതയ്ക്കു കാവൽ നിൽക്കുന്ന കനൽക്കട്ടയും നന്മയുടെ കുളിരിലെന്നെ നിരന്തരം നനച്ചുണർത്തുന്ന നീല ജലാശയവുമാണെന്നു

Wednesday, September 24, 2014

കൊതി

എനിക്കു നിന്നുള്ളിലെരിയുന്നൊരു നെരിപ്പോടാവണം...
എനിക്കൊപ്പം നീയും ജ്വലിച്ച്‌ നാമൊന്നിച്ചുരുകി ലാവ പോലൊഴുകണം...
പിന്നീടാ വന്മരങ്ങൾ വേരാഴ്ത്തിയ വൻ നദിക്കരയിലൂടൊഴുകിയിറങ്ങി, കിതപ്പുമുഷ്ണവുമാറ്റി ഒരൊറ്റ സ്തംഭമായി നിലകൊള്ളണം... പിന്നൊരുപാടുകാലം പുണർന്നു കിടന്നു മഞ്ഞും മഴയും വെയിലും കൊള്ളണം...

എന്റെ പ്രിയപ്പെട്ട ബ്ലോഗ്ഗർ

         2011-ലെ ആ ജൂലായ്‌ 10 മുതൽ ഇന്നു നിനക്കൊപ്പം ഞാൻ വെറുതെ നടന്നു. നീ കാണാതെ... ആ വാക്കുകളുടെ തീവ്രതയും സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ തീജ്വാലകളും പിന്നെ, മഴയോടുള്ള നിന്റെ അടങ്ങാത്ത അഭിനിവേശവുമെല്ലാം എന്നോടൊരേയൊരു കാര്യം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു-

നിലയ്ക്കാത്ത മഴപോലൊരു സ്നേഹമാണു നീ...

എന്നെ ബ്ലൊഗിന്റെ ലോകത്തേയ്ക്കു വലിച്ചിട്ടതിനു നന്ദിയും നീ എഴുത്തിനെ പിന്തുടരാത്തതിന്റെ പരിഭവവും ബാക്കി..

http://ancy-mary.blogspot.com

Tuesday, September 23, 2014

ഉത്തരം

 വർണ്ണപ്രഭയാർന്ന വേദിയിൽ അയാൾ പാടിത്തുടങ്ങി.. ഇഷ്ട നിറങ്ങളായ നീലയും വെള്ളയും കലർന്ന വസ്ത്രങ്ങളായിരുന്നു അയാൾക്കു... "ഇനിയൊരിക്കലെവിടെയോ നിനയ്ക്കാതെ കാണുവാൻ നിരത്തിലീ കവലയിൽ പിരിയുന്നിനി നാം" എന്ന് പാടവേ കണ്ണുകൾ തറച്ചതു മുന്നിലെ നിരയിൽ സ്വർണ്ണ നിറമുള്ള തിളങ്ങുന്ന വസ്ത്രത്തിൽ പരിലസിച്ചു തന്റെ പാട്ടാസ്വദിക്കുന്ന യുവതിയിലാണു. കണ്ണുകളിടഞ്ഞു... ഏറെ നേരം കണ്ണുകളുടക്കി നിന്നു... ഒരു പുഞ്ചിരി മിന്നി മറഞ്ഞുവോ? പാട്ട്‌ കഴിഞ്ഞു.. പിൻ വേദിയിൽ ചെന്ന് തന്ന അവസരത്തിനു നന്ദി പറഞ്ഞ്‌ ഇരുട്ടിൽ ഇളകിമറിയുന്ന ആൾക്കൂട്ടത്തിലൊരുവനാകുമ്പൊഴേക്കും വേദിയിൽ നൃത്തത്തിനു തയ്യാറായി അവൾ.. മനം മയക്കുന്നൊരു മാസ്മരികതയുണ്ടായിരുന്നു ആ ചുവടുകൾക്ക്‌... ചലനങ്ങൾക്ക്‌ വല്ലാത്തൊരു വശ്യതയും... മുടിയിൽ വിരലോട്ടിക്കൊണ്ടവൾ തിരക്കി.. "എന്നിട്ട്‌?" ആവോ.. ഓർമയില്ല. ഞാൻ പറഞ്ഞു.. "ശ്ശോ.. ഈ ചെക്കനെന്താ ഒരു സ്വപ്നവും മുഴുവൻ ഓർക്കാത്തേ? ഡ്രെസ്സിന്റെ കളറൊക്കെ കേട്ടപ്പോ എനിക്ക്‌ നിന്നെയാ ഓർമ്മ വന്നെ " അവൾ പരിഭവിച്ചു. സ്വപ്നങ്ങളോടെനിക്കും അതു കേട്ടു നീരസം തോന്നി. ഈ സ്വപ്നങ്ങളെന്തായിങ്ങനെ? ഒാർമയുടെ വല കീറി എങ്ങോട്ടെയ്ക്കാണിവ പായുന്നതു ? കുറെ നാളുകൾക്കു ശേഷം വൈകിട്ട്‌ ഞാൻ വീട്ടിലെത്തുമ്പോൾ ഒത്തിരി സന്തോഷത്തോടെ അവൾ.. നെറ്റിയിൽ മുത്തം നൽകി ചോദിച്ചു എന്ത്‌ പറ്റിയിന്നു? കുസൃതി നിറഞ്ഞ കണ്ണുകളോടെ ചായ ഒരുക്കിക്കൊണ്ട്‌ അവൾ പറഞ്ഞു " അതോ..? അതൊക്കെ സർപ്പ്രൈസ്‌ ആണു. ആദ്യം നീയൊന്ന് ഫ്രഷ്‌ ആയി വാ..." വരുമ്പൊളേയ്ക്കും അവൾ ലാപ്ടോപ്‌ തുറന്നു ഒരു വീഡിയോ പ്ലേ ചെയ്യാൻ റെഡിയായിരുന്നു.. എന്താ ഇതു?.. ഓർമയിലെവിടെയൊ പരതിക്കൊണ്ട്‌ അവൾ അതോ ? കോളെജിൽ പഠിക്കുമ്പോൾ കളിച്ച ഒരു ഡാൻസ്‌ ആണു.. അന്ന് നീയാ സ്വപ്നം പറഞ്ഞപ്പൊളാ ഞാനിതോർത്തതു.. കുറേ അന്വേഷിച്ചു. ഇന്നലെ ആശയോടിക്കാര്യം പറഞ്ഞപ്പോ അവളു തപ്പിയെടുത്ത്‌ മെയിൽ ചെയ്തു തന്നു.നിന്റെ സ്വപ്നത്തിലെ പെണ്ണിനെപ്പോലെ സ്വർണ്ണ നിറമുള്ള്‌ ഡ്രെസ്സാ ഇതിലെനിക്കും... മണി കിലുങ്ങുപോലെ അവൾ ചിരിക്കുന്നതു കണ്ടിട്ടും അമ്പരന്നു സ്ക്രീനിൽ നോക്കിയിരിക്കുന്ന എന്നോട്‌ അവളെന്തെങ്കിലും ചോദിക്കും മുന്നേ ഞാൻ പറഞ്ഞു.. ഡ്രെസ്സു മാത്രമല്ല.. പാട്ടും അതുതന്നെയാ... എന്റെ അമ്പരപ്പിന്റെ പാതിയും വാങ്ങി വാ പൊളിച്ചു നിൽക്കുന്ന അവളെ നോക്കി ചിരിച്ചു കൊണ്ടു ഫേസ്‌ ബുക്‌ തുറക്കുമ്പോൾ ആദ്യം കണ്ട പോസ്റ്റ്‌ സ്വപ്നത്തെക്കുറിച്ചായിരുന്നു... "കഴിഞ്ഞൊരു ജന്മത്തിന്റെ കൊഴിഞ്ഞ ദലങ്ങളിൽ ചിലതാണു സ്വപ്നങ്ങൾ.." അതു കൊണ്ടാവും അതു മുഴുവനായ്‌ ഓർത്തിരിക്കാൻ ആരോ അനുവാദം തരാത്തതെന്നു എഴുതിചേർത്ത്‌ അതു റീ പോസ്റ്റ്‌ ചെയ്യുമ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.. പ്രതീക്ഷിച്ചിരിക്കാതെ, കുഴക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടെത്തിയ ഗണിത വിദ്യാർത്ഥിക്കുണ്ടാകുന്ന പോലുള്ള ഒന്നു...

ഏകകം

കണ്ടെത്തുന്നിടത്ത്‌ എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നു.. അന്വേഷിച്ചതൊക്കെയും - ചിലപ്പോളതിൽ കൂടുതൽ - അതിലുണ്ടെന്നു തിരിച്ചറിയുന്നിടത്ത്‌  അതുവരെയുണ്ടായ എല്ലാ അധ്വാനവും പൂർണമാകുന്നു.

ഉപരിപ്ലവമായ കാഴ്ച്ചയ്ക്കുമപ്പുറം ഇറങ്ങിച്ചെല്ലുന്നവരാണ്‌ അമൂല്യമായതൊക്കെയും സ്വന്തമാക്കിയിട്ടുള്ളവർ. ആരുടെയെങ്കിലും അഥവാ എന്തിന്റെയെങ്കിലും സ്വാധീനങ്ങൾക്കുമപ്പുറം അന്വേഷകന്റെ മനസ്സിനു തൃപ്തി തരുന്ന, ആത്മാവിനെ ജ്വലിപ്പിക്കുന്ന ആ ഏകകം, അന്വേഷിച്ചതിൽ കണ്ടുകിട്ടുമ്പോഴാണു അന്വേഷകൻ/അന്വേഷക വിജയിച്ചു എന്നു കരുതാവുന്നത്‌.

പലപ്പോഴും പലരും തീരത്തെ കുഞ്ഞു മീനുകളെക്കണ്ടു നിരാശപ്പെട്ടു മടങ്ങുന്നതു പോലെയാണു കണ്ടെത്തിയതു കൈവിട്ടു കളയുന്നതു...

സംശയിക്കേണ്ട !! ഞാൻ സ്നേഹത്തെക്കുറിച്ചുതന്നെയാണു സംസാരിച്ചുകൊണ്ടിരിക്കുന്നത്‌...

Monday, September 22, 2014

നീ കേട്ടുകൊണ്ടിരിക്കുന്നത്‌

ഉപരിതലത്തിനും മീതെ, ഗുരുത്വാകർഷണങ്ങൾക്കും പിടിച്ചുനിർത്താനാവാത്തത്ര തീവ്രമായൊരഗാധ പ്രേമം....
പരിഭവങ്ങളിൽ നനഞ്ഞാലും സ്വയം കത്തി ചൂടേറ്റുണങ്ങി നനുത്തതെങ്കിലും ബലമുള്ള ചിറകടിച്ചുയരുന്ന ഒന്ന്...

ഏതു പിണക്കത്തെയും മഞ്ഞുപോലെ അലിയിച്ച്‌ ഏതു തെറ്റിനെയും ഉപാധികളില്ലാതെ പൊറുക്കുന്ന ഒന്ന്...

അസൂയപ്പെട്ടാലും ദോലകത്തിന്റെ ഏഴെട്ടാട്ടങ്ങൾക്കപ്പുറതേയ്ക്ക്‌ അതു വച്ചു പൊറുപ്പിക്കാതെ നിശബ്ദമായി അനുധാവനം ചെയ്യുന്ന നിറമുള്ള പ്രണയം...

സ്വപ്നങ്ങൾ കൊതിയോടെ കാത്തിരിക്കുന്നുണ്ട്‌ നീ വരുന്നതും നോക്കി... നിന്റെ പാദസരമണിസ്വരം മാത്രം ചിലമ്പുന്നൊരിടനാഴിവഴിയിൽ....

നീ പാടാത്തതെന്തേ കൂട്ടുകാരീ....?  എത കൊതിയാണെന്നോ ഒരു മൂളിപ്പാട്ടെങ്കിലുമൊന്നു കേൾക്കാൻ....

സമയത്തിനുമപ്പുറത്തെയ്ക്കൊന്നു യാത്ര പോകേണ്ടതുണ്ട്‌... വെറുതെ, നിന്റെ കൗമാര വഴികളിലും യവ്വനോൽസവ മൈതാനത്തുമൊക്കെ നിനക്കൊപ്പം നടന്നു വരാൻ...

എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞു വർത്തമാനത്തിലെത്തുമ്പോൾ ഈ സമയചക്രം കുറച്ചു നാളേയ്ക്കെങ്കിലും ഒന്നു നിർത്തി വയ്ക്കണം... ആ സമയം മുഴുവൻ നമുക്കു പ്രണയത്തെക്കുറിച്ചു മാത്രം സംസാരിക്കണം....

ഒരു പക്ഷേ നിനക്ക്‌ നമ്മുടെ ഭാവിയെന്താകുമെന്നറിയാനൊരാകാംക്ഷ കണ്ടേക്കാം... ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം ഇതു പ്രണയത്തെപ്പറ്റി സംസാരിക്കാനുള്ള സമയമാണു.... ഭാവിയെന്നതു ഉൽക്കണ്ഠയുടെ ഒരു ഇരുണ്ടിടുങ്ങിയ തുരങ്കമാണു.... അതു കടക്കാൻ നമ്മൾ ശക്തി നേടുന്നത്‌ ഇവിടെയിപ്പോൾ നമ്മൾ പരസ്പരം പകരുന്ന സ്നേഹത്തിൽ നിന്നു മാത്രമാണു....

മുന്നോട്ടുള്ള യാത്രയിൽ എന്റെ വലത്തു കൈ ഏതിരുട്ടിലും ഞാൻ കാണും നീയതിന്റെ തുമ്പിലുണ്ടെങ്കിൽ...

എന്നിലെ നീ

മൗനത്തിനുമേൽ പെയ്തിറങ്ങി മഴ...
വിരഹത്തിനു മീതേ... കണ്ണീർപ്പാടുകൾക്കും മീതേ ജീവന്റെ സന്തോഷ താളം!! ഈ തണുപ്പു നീയാണെന്നു ഞാൻ തിരിച്ചറിയുന്നുണ്ട്‌.. പുതപ്പിനു വെളിയിൽക്കിടന്നാൽ ഐസ്സുകട്ടപോലാവുന്ന നിന്റെ കാൽപാദത്തിന്റെ ഓർമ്മപ്പെടുത്തൽ.... ചെമ്പകച്ചുവട്ടിലും പാരിജാതത്തണലിലും ഞാൻ നിന്നെ തിരയാറുണ്ട്‌... ഓരോ ദിനവും പകലൊടുങ്ങി മാനം ചുവക്കുമ്പോൾ നിന്റെ കോപമോർത്തു  ഞാനറിയാതെ എന്നിലൊരു നേർത്ത ചിരി പടരാറുണ്ട്‌... നിനക്കൊരുപാടിഷ്ടമാണെന്നു നീ പറയാറുള്ള ആ ചിരി...
വാതിൽ വിടവിലൂടെത്തുന്ന നിലാവിനെപ്പോഴും നമ്മുടെ കല്യാണ വിശേഷങ്ങൾ പറയാനേ നേരമുള്ളു.. നാം അമാവാസികളിൽ പിണങ്ങുന്നുവോ? അതൊ, നമ്മൾ പിണങ്ങുമ്പൊഴാണോ അമാവാസി? അമാവാസികളും നല്ലതാണു പ്രിയപ്പെട്ടവനേ... പൗർണമിക്കെന്തു തിളക്കമാണെന്നോ....

സിന്ദൂര സ്നേഹം

ഇനിയേഴു ജമങ്ങളുണ്ടെങ്കിലും പെണ്ണേ നിന്റെ
സിന്ദൂരരേഖയിൽ സ്നേഹം തൊടും  ...
ഏഴല്ലെഴുപതുള്ളെങ്കിലീ ജന്മമാ
ഹൃദയത്തുടിപ്പെന്റെ തിരുനെറ്റിയിൽ - വേണ-
മിതു വെറും മോഹം മാത്രമായ്‌ മാറതെ
കാക്കട്ടെ മാലാഖമാർ..
സിന്ദൂര നിറമുള്ള സന്ധ്യകൾ സാക്ഷിയായ്‌
നെഞ്ചോടു ചേർക്കണം നിന്നെയെന്നും..

മത്സരങ്ങൾ

തോൽക്കുന്നെങ്കിലതു നിന്നോട്‌... ജയിക്കുന്നെങ്കിലെന്നോട്‌... പലപ്പൊഴും നീ ജയിക്കുന്നു എനിക്കായ്‌ തോറ്റുതരുമ്പോൾ... എനിക്കുമിനി ജയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു...

പരസ്പരം

ഇരുട്ടും കണ്ണീരും തമ്മിൽ ഇഴപിരിക്കാനാവാത എന്തോ ഒരു ബന്ധമുണ്ട്‌... നീയും മഴയും പോലെ... മഴനനഞ്ഞ രാവിനുമീതെ നിറഞ്ഞുതൂവാൻ സൂര്യനു കഴിഞ്ഞെങ്കിൽ... 
ഇനി രാത്രിയാകാതിരുന്നെങ്കിലെത്ര നന്നെന്നു നീ കൊതിക്കുന്നപോലൊരു പകലായി ഞാൻ മാറിയെങ്കിൽ...

Sunday, September 21, 2014

അപരിചിത

     പിന്നിലേക്കോടിമറയുന്ന സമതലങ്ങളെ നോക്കി നീയിരുന്നു സ്വപ്നം കാണുന്നുണ്ടായിരുന്നു... ആ കാഴ്ചയുടെ മനോഹാരിതയിലേയ്ക്ക്‌ നീ നിന്റെ പ്രണയവും ചേർത്തു വച്ചുവെന്നു ഇടയ്ക്കിടെ മിന്നി മറയുന്ന നിന്റെ നേരിയ നാണം കലർന്ന പുഞ്ചിരിയിൽ നിന്നും ഞാൻ അനുമാനിച്ചു...

      സന്ധ്യ അവളുടെ ചുവപ്പിനുമീതെ മഴക്കാറിന്റെ നേർത്തൊരു ദുപ്പട്ട വലിച്ചിട്ടു. ജനലിലൂടെ നിന്റെ വലത്തെ കവിളിനു ചായം പൂശിയ വെയിലിനൊപ്പം നേർത്തൊരു മഴത്തലോടൽ...

     നീ പോലുമറിയാതെ നിന്നെയിങ്ങനെ നോക്കിയിരിക്കാൻ എന്തു രസമാണെന്നോ... ഞാൻ വെറുതെ നിന്റെ മനസ്സു വായിക്കാൻ ശ്രെമിക്കും... ആർക്കും പിടികൊടുക്കാത്ത ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കുസൃതി കാട്ടുകയും കുറുകുകയും ചൂടേറ്റുറങ്ങാൻ കൊതിക്കുകയും ചെയ്യുന്ന പാവം മനസ്സായിരിക്കാമതെന്നു ലക്ഷണം കണ്ടിട്ടു തോന്നുന്നു...

     ഇനി വരാനിരിക്കുന്ന ഇരുട്ടിന്റെ കൂടുകൂടി താണ്ടിയാൽ എനിക്കിറങ്ങാനുള്ള സ്റ്റേഷനാകും. അതിനു മുൻപു നമ്മളൊന്നു പരിചയപ്പെട്ടിരുന്നെങ്കിൽ...

    അല്ലെങ്കിൽ വേണ്ട, എന്നെങ്കിലും കണ്ടുമുട്ടാനുള്ളവരാണെങ്കിൽ നമ്മൾ കണ്ടുമുട്ടുകതന്നെ ചെയ്യും. അതുവരെ ആ സ്വപ്നമൊഴിയാത്ത മിഴികളെ ഞാൻ മറക്കാതിരിക്കട്ടെ

Wednesday, September 10, 2014

നിന്നോടെനിക്കുള്ളത്‌

ഉപരിതലത്തിനും മീതെ, ഗുരുത്വാകർഷണങ്ങൾക്കും പിടിച്ചുനിർത്താനാവാത്തത്ര തീവ്രമായൊരഗാധ പ്രേമം....
പരിഭവങ്ങളിൽ നനഞ്ഞാലും സ്വയം കത്തി ചൂടേറ്റുണങ്ങി നനുത്തതെങ്കിലും ബലമുള്ള ചിറകടിച്ചുയരുന്ന ഒന്ന്...

ഏതു പിണക്കത്തെയും മഞ്ഞുപോലെ അലിയിച്ച്‌ ഏതു തെറ്റിനെയും ഉപാധികളില്ലാതെ പൊറുക്കുന്ന ഒന്ന്...

അസൂയപ്പെട്ടാലും ദോലകത്തിന്റെ ഏഴെട്ടാട്ടങ്ങൾക്കപ്പുറതേയ്ക്ക്‌ അതു വച്ചു പൊറുപ്പിക്കാതെ നിശബ്ദമായി അനുധാവനം ചെയ്യുന്ന നിറമുള്ള പ്രണയം...

സ്വപ്നങ്ങൾ കൊതിയോടെ കാത്തിരിക്കുന്നുണ്ട്‌ നീ വരുന്നതും നോക്കി... നിന്റെ പാദസരമണിസ്വരം മാത്രം ചിലമ്പുന്നൊരിടനാഴിവഴിയിൽ....

നീ പാടാത്തതെന്തേ കൂട്ടുകാരീ....?  എത കൊതിയാണെന്നോ ഒരു മൂളിപ്പാട്ടെങ്കിലുമൊന്നു കേൾക്കാൻ....

സമയത്തിനുമപ്പുറത്തെയ്ക്കൊന്നു യാത്ര പോകേണ്ടതുണ്ട്‌... വെറുതെ, നിന്റെ കൗമാര വഴികളിലും യവ്വനോൽസവ മൈതാനത്തുമൊക്കെ നിനക്കൊപ്പം നടന്നു വരാൻ...

എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞു വർത്തമാനത്തിലെത്തുമ്പോൾ ഈ സമയചക്രം കുറച്ചു നാളേയ്ക്കെങ്കിലും ഒന്നു നിർത്തി വയ്ക്കണം... ആ സമയം മുഴുവൻ നമുക്കു പ്രണയത്തെക്കുറിച്ചു മാത്രം സംസാരിക്കണം....

ഒരു പക്ഷേ നിനക്ക്‌ നമ്മുടെ ഭാവിയെന്താകുമെന്നറിയാനൊരാകാംക്ഷ കണ്ടേക്കാം... ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം ഇതു പ്രണയത്തെപ്പറ്റി സംസാരിക്കാനുള്ള സമയമാണു.... ഭാവിയെന്നതു ഉൽക്കണ്ഠയുടെ ഒരു ഇരുണ്ടിടുങ്ങിയ തുരങ്കമാണു.... അതു കടക്കാൻ നമ്മൾ ശക്തി നേടുന്നത്‌ ഇവിടെയിപ്പോൾ നമ്മൾ പരസ്പരം പകരുന്ന സ്നേഹത്തിൽ നിന്നു മാത്രമാണു....

മുന്നോട്ടുള്ള യാത്രയിൽ എന്റെ വലത്തു കൈ ഏതിരുട്ടിലും ഞാൻ കാണും നീയതിന്റെ തുമ്പിലുണ്ടെങ്കിൽ...