Thursday, April 14, 2022

ഹാലൂസിനേഷൻ

ഇന്നലെ രാത്രി കിടന്നുറങ്ങിയ മുറിയാ.. ഇന്നിപ്പോ എന്തോ വല്ലാത്തൊരു അപരിചിതത്വം തോന്നുന്നു. കിടക്കക്കാപ്പി സാധാരണ ഉണ്ടാവാറുള്ളിടത്തു കാണാനില്ല. "അമ്മേ.."
നീട്ടി വിളിച്ചു രണ്ടുവട്ടം. ആരും വിളികേട്ടില്ല. "ഡീ.." വാമഭാഗവും നോ പ്രതികരണം. 
ഇവരൊക്കെ ഇതെവിടെപ്പോയി..?
ഹും.. ഇന്നു രാവിലെ പൊളിച്ചടുക്കാനുള്ള വകുപ്പായി. 
ഒന്നു വലിഞ്ഞു മൂരി നിവർത്തിയെണീറ്റു അടുക്കളയിലേക്കു നടന്നു. പരീക്ഷണശ്ശാല ശൂന്യം..!
ഇവിടിന്നു തീ പുകഞ്ഞ ലക്ഷണമില്ലല്ലോ?
 ഇവിടെന്താ നടക്കുന്നതു? 
ഇവരോടൊക്കെ പറഞ്ഞു മടുത്തു ഈ കണ്ണാടി എപ്പോളും വൃത്തിയാക്കി വെക്കണമെന്നുള്ളതു ഇനിയിവിടെ എഴുതി ഒട്ടിക്കണമെന്നാണോ?
അയയിൽ വടിപോലെ കിടന്ന പഴയ തോർത്തു നനച്ചു കണ്ണാടി തുടക്കുമ്പോളാണതു ശ്രദ്ധിച്ചത്‌ - കയ്യിലെ തൊലിയൊക്കെ ചുളിഞ്ഞിരിക്കുന്നു കിളവന്മാരെപ്പോലെ.. കണ്ണാടിയിൽ തെളിഞ്ഞത്‌ അഛന്റെ രൂപം..! തിരിഞ്ഞു നോക്കി.. ആരുമില്ല! അപ്പോ ഇതു ഞാൻ തന്നെയൊ? ഞാനെപ്പൊ അഛനായി? ഇനീപ്പൊ, ഇതു വല്ല സ്വപ്നവുമാണോ? ഒന്നു നുള്ളി നോക്കാം.. ഹോ.. നുള്ളാൻ തോന്നിയത്‌ നന്നായി. കണ്ണു തുറക്കുമ്പോൾ ചുറ്റുമൊരുപാടാളുകളുണ്ടായിരുന്നു. സദനത്തിലെ സിസ്റ്റർ മേരിയമ്മയും തൊട്ടടുത്ത കിടക്കയിലെ സുകുവും പിന്നെ ഗോപാലേട്ടനും മാത്യുവുൂ ഒക്കെ. ഇവരെന്താ ഇങ്ങനെ ബ്ലിങ്ങി നിക്കുന്നെ? ഇതെന്നാടാ സിസ്റ്ററിന്റെ മുന്നീന്നാണൊ ബീടി വലിക്കുന്നെ? ഇവന്മാർക്കൊന്നും ചെവീം തൊളേമൊന്നും കേൾക്കില്ലേ?
ആഹാ ഇതു ബീടിപ്പുകയല്ലല്ലോ? ഇതു സാമ്പ്രാണിപ്പുക. ഇതിനെന്താ മണമില്ലാത്തെ?

Monday, November 23, 2020

മൂവർ

ഞങ്ങൾ മൂന്നാളും കാലത്തെണീറ്റ് പല്ലുതേയ്പ്പ് മൽസരം നടത്തുന്ന സമയത്താണു ഓറഞ്ചു തിന്നിട്ട് എറിഞ്ഞു കളഞ്ഞ കുരു അടുക്കളപ്പുറത്ത് ഒരു കുഞ്ഞിത്തൈ ആയി കിളിർത്തു നിൽക്കുന്നതു കണ്ണിൽപ്പെട്ടത്. ഉടനേ മൂന്നാളും അതിനു ചോട്ടിൽ കുത്തിയിരുന്നു സ്കൂളിൽ പോകാൻ വൈകിയതിനുള്ള അമ്മയുടെ ആക്രോശങ്ങളെ പാടേ അവഗണിച്ചു ചർച്ച തുടങ്ങി.
ലെ ഞാൻ: എടീ ഒരു കമ്പിങ്ങെടുത്തേ നമുക്കിതിനു തടമെടുക്കാം.
അപ്പൊത്തന്നെ എന്റെ ആജ്ഞാനുവർത്തികളായ സഹോദരിമാർ റെഡി. ഒരുത്തി കമ്പെടുത്തു. ഒരുത്തി ഇടം കയ്യിലെ ഉമിക്കരി തട്ടിക്കളഞ്ഞു ഉനങ്ങിയ ഒരു ചാണക കട്ട എടുത്തു വന്നു.
സംശയം ഫ്രം ലെ സിസ്റ്റർ 1 : അല്ലച്ചാച്ചാ ഈ ഓറഞ്ചൊക്കെ നമ്മടിവിടെ പിടിക്കുവൊ?
ലെ ഞാൻ : പിന്നേ......
ലെ അടുത്തവൾ : അല്ലാ, അപ്പോ ഇതിനു നല്ല തണുപ്പു വേണമെന്നു പറയുന്നതോ?
ലേ ഞാൻ : അതിനല്ലെ നമ്മളെന്നും ജയൻ ചേട്ടന്റെ കടേന്നു ഐസു വാങ്ങി ഇതിന്റെ ചോട്ടിലിടാൻ പോണതു... ഹും! രണ്ടും വിശ്വസിച്ചു.
ഞാൻ തുടരവേ.. എന്റെ വർണനയ്ക്കൊപ്പം വിടർന്നു വരുന്ന നാലു കണ്ണുകളും ഉമിക്കരി പടർന്ന ചിരിയും ഞാനെന്തു പറഞ്ഞാലും വിശ്വസിക്കുന്ന രണ്ടു കുരുന്നു ഹൃദയങ്ങളും ആ ഓറഞ്ചു തൈക്കൊപ്പം വളർന്നു. പൂത്തു കായ്ച്ചു പഴുത്തു. പ്രിയപ്പെട്ടവർക്കൊക്കെ പേരു വിളിച്ചു പങ്കുവെച്ചു. ഇഷ്ടമില്ലാത്തോർക്കൊക്കെ "കൊടുക്കാപ്പറിച്ചന്മാർ" ആയി. ആ സ്വപ്നം ഒരു മരത്തിൽ നിന്നും വലിയൊരു ഓറഞ്ചു തോട്ടത്തിലേയ്ക്കും ഒരു പാടു സമ്പത്തിലേയ്ക്കുമൊക്കെ പോയി.
ഇന്നും ജീവിതത്തിന്റെ ഒന്നുമില്ലായ്മകളിൽ പുഞ്ചിരിയോടെ നിന്നു കയ്യിലുള്ള ചെറിയ നന്മയെക്കുറിച്ചു സ്വപ്നം കാണാനും പൊരുതി നേടാനും ഊർജ്ജം തരുന്ന ആ നല്ല ഓർമ്മകൾക്കു നന്ദി.
സഹോദരിമാർ യുദ്ധവീരന്മാരെ സൃഷ്ടിക്കുന്നു.

Thursday, October 22, 2020

കടലേ...

കടലേ...
തിരകൾക്കു പോലുമറിയാത്ത ദിശയിൽ
നിന്നടിത്തട്ടിൽ നദിയൊഴുകിടുന്നു...
നിലാവിതല്ല !
ഭീരുവാമിന്ദ്രൻ ചന്ദ്രൻ കറുക്കവേ-
നിറവുമായ്ച്ചാരുന്നു നിൻ ലോല തൽപങ്ങളിൽ..
കയ്പ്പാണു നിന്നുള്ളിലൊഴുകും നദിക്കരെ
വിളയും ഹൃദയ ഫലം രുചിക്കെയെന്നാരോ..
വിളവെടുക്കും ദിനം കറുക്കുന്നതു കണ്ടോ
നിൻ പ്രിയ നദീനിറമമാവാസി പോൽ...
വീണാനാദം... ഹാ..! തോൽ വി തൻ വ്വീണാ നാദം,
ഏതോ അടച്ചിട്ട വിരഹത്തിൻ വിടവിലൂടൊഴുകിവീണീപ്പുൽത്തകിടിക്കു തീപടർത്തെ-
യനുരാഗം മരിച്ചൊരീ മണ്ണിൽ മുളയ്ക്കാൻ മടിക്കുന്നു
പൂവിൻ തലമുറ പാട്ടിൻ തലമുറ
താനേയഗ്നിയിലമരാൻ കൊതിച്ചൊരെൻ പട്ടട...
മഷിയൂറി മഷിയൂറി കടലാസ്സിലെഴുതിയ-
തൊക്കെ മറച്ചൊരെൻ പേന ...
പെരുമ്പറ കൊട്ടുന്ന ഭിത്തിയിൽ കോറിയ,
മായാൻ തുടങ്ങുന്ന വാക്കുകൾ
ഛിന്നമാം ഭിന്നമാം ചിത്രങ്ങൾ...
സ്വപ്നം കണ്ടു മദിച്ചിരുന്നൊരു ജോഡി കണ്ണുകൾ-
പേരുച്ചരിച്ചുന്മാദം കൊണ്ട ചുണ്ടുകൾ..
നിൻ ധ്വനി തിരിച്ചറിഞ്ഞുന്നം പിടിച്ചന്നു പിന്നിയതിൻ പിന്നിലുമ്മവച്ചുമ്മവച്ചുമ്മവച്ചന്നത്തെയോർമ്മകൾ...
കടലേ...
ഓർമകൾക്കിന്നു നീ വിടതരിക..
വീണമീട്ടിയവനും പാട്ടുപാടിയവനും
ശാപഗ്രസ്ഥമാം ചിഹ്നങ്ങൾ കോറിയവനു-
മാർക്കും മുഖം തരാതൊടുങ്ങിടട്ടെ...
പരമ്പരയന്യമായ്‌ തീന്നിടട്ടെ...
കടലേ നിൻ കരകൾ തളിർത്തിടട്ടെ


ഇവരൊക്കെ എന്നെ സ്നേഹിക്കുന്ന ഓരോ വഴികളേ .... അപ്പനാണെങ്കിൽ സ്നേഹം കൂടുമ്പോ പച്ചത്തെറി വിളിക്കും " എടാ കഴുവേർട മോനേ " എന്നു വിളിച്ചു സ്നേഹിക്കുമ്പോ ഞാൻ തിരിച്ചു ചോദിക്കും അതിലെകഴുവേറി അപ്പൻ തന്നല്ലേ എന്ന് . അപ്പന്റെ ഗൗരവത്തിന് പിന്നിലൊരു കുരുത്തംകെട്ട കുറുമ്പൻ ചെക്കനുന്ടെന്നു തോന്നാറുണ്ട്. ((ഇതെഴുതുമ്പോൾ mp3 പ്ലെയറിൽ " ഉണരുമീ ഗാനം " വന്നത് യാദൃശ്ചികം ) അമ്മയ്ക്കാണെങ്കിൽ എന്നെ കാണാൻ കിട്ടുന്നില്ലെന്ന പരാതി പറഞ്ഞു സങ്കടപ്പെട്ടും നാവിനിഷ്ടമുള്ളതെണ്ണിപറയിപ്പിച്ചു അതൊക്കെ ഉണ്ടാക്കിത്തന്നു റു നിറപ്പിക്കാനും പിന്നെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓര്മവെച്ചനാൾ മുതൽ eനെറുകയിൽഎനിക്ക് സംരക്ഷണമായി ചക്കരയുമ്മയും തന്നു സ്നേഹിക്കാനാണിഷ്ടം പെങ്ങന്മാർക്കാണെങ്കിൽ എന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു അഭിമാനിക്കാനും എൻറെ വീഴ്ചകളിൽ കൈത്താങ്ങാകാനും എന്നോട് വഴക്കിടാനും പിന്നെവന്നു കൂടാനും പഴയ കാര്യങ്ങൾ എണ്ണിപ്പറഞ്ഞു കളിയാക്കാനും വളർത്തിയും തളർത്താൻ ശ്രെമിച്ചും എന്റെ കഴിവുകൾക്ക് പരിധിയില്ല എന്നെനിക്കു മനസ്സിലാക്കാൻ സഹായിച്ച ബന്ധുക്കൾ കൂട്ടുകാർ ഒരുപാടുണ്ട്‌ ചെറുപ്പത്തിലെ കൂട്ടുകാർ, പള്ളീലെ ചങ്ക് പിള്ളേർ- ഞങ്ങള് കോട്ടയം ഭാഷയിൽ മുറ്റ് പിള്ളേർ, പിന്നെ സ്‌കൂളിലൊപ്പം പഠിച്ചവന്മാര് ITI ൽ ഒപ്പം പഠിച്ചവർ പല കമ്പനികളിലെ ആശാന്മാർ കൂടെ ജോലി ചെയ്ത, ഒപ്പം താമസിച്ച മഹാന്മാർ ... എന്റെ കഴിവുകൾക്ക് പ്രചോദനമായി എന്നും കട്ട സപ്പോർട്ട് തരുന്ന എന്റെ മേലധികാരികൾ എന്റെ ആശയങ്ങൾ ആവേശം ചോരാതെ പ്രാവർത്തികമാക്കാൻ കൂട്ടുനിൽക്കുന്ന എന്റെ ടീം അംഗങ്ങൾ എല്ലാവര്ക്കും അവരവരുടേതായ രീതികളുണ്ട് എന്നെ സ്നേഹിക്കുവാൻ ഏറ്റോം അവിസ്മരണീയമായിഅവിസ്മരണീയമായി ഇക്കഴിഞ്ഞ ജന്മദിനം ആഘോഷിച്ചു എന്റെ കണ്ണ് നനയിച്ചു പഹയന്മാർ.. മനസ്സുനിറയെ നന്ദിയോടെയേ നിങ്ങളെയെല്ലാം ഞാൻ സ്മരിക്കൂ നിങ്ങളെ സമ്മാനിച്ച ദൈവത്തിനു നന്ദി എല്ലാറ്റിനുമപ്പുറം ഞാൻ നന്ദിപറയാനിശ്ചിക്കാത്ത ഒരേയൊരാൾ അതെന്റെ അന്നമ്മയാണ് നീ ഞാനും ഞാൻ നീയുമായിരിക്കെ ഇതിനൊക്കെ എന്ത് പ്രസക്തി അല്ലെ പെണ്ണെ ? പക്ഷെ , നിന്നെയെനിക് സമ്മാനിച്ചവരോടെനിക്ക് തീരാത്ത നന്ദിയുണ്ട് നീതു , നന്ദിത ടീച്ചർ , ജോമോൻ , ജോർജ് മാഷ് , വത്സമ്മച്ചി അങ്ങനൊത്തിരിപ്പേർ ബെഡ് റെസ്റ്റിലായിരിക്കുമ്പോ നൊസ്റ്റികൾ മല്സരിക്കുന്നു. വെറുതെ കാലങ്ങളിലൂടെ യാത്രപോകുന്നു ചില അപകടങ്ങളും അതിന്റെ വിശ്രമവും തിരക്കിട്ട ഈ ജീവിതത്തിൽ നല്ലതിനാണെന്നു തോന്നിപ്പോകുന്നു... എന്റെ ലോകം മുഴുവൻ സ്നേഹമായിരുന്നുവെന്ന് തിരിച്ചറിയുന്നു

നീ വിഷാദിയായൊരുത്തി ... പ്രണയം പൂത്തകാലത്തൊക്കെയും പൊട്ടിച്ചിരിച്ചും കഥ പറഞ്ഞും കവിത പാടിയും പുഷ്‌പിച്ചൊരുത്തി... കാലങ്ങൾ താണ്ടിയിവിടെയീ ഏകാന്ത വസതിയിൽ ജനനിയാകായ്മയുടെ ദുര്യോഗം തപിച്ചു നീ തിളച്ചുരുകുമ്പോൾ, ഒന്ന് ചേർത്ത് പിടിക്കാൻ പോലുമാകാത്തത്ര ദൂരെ ഞാൻ ...


നിന്റെ നിറം തിരിച്ചറിയാനാകാത്ത തിമിര നേത്രങ്ങളെന്നെത്തന്നെ നോക്കി കൊഞ്ഞനം കുത്തിയ പകലുകൾ..

Monday, April 6, 2020

കറുത്ത ക്രിസ്തു


ദുര്യോഗങ്ങളെ ഓർത്തു പരിതപ്പിച്ചുമാത്രം കഴിയുന്നിടത്തോളം, ദുഃഖം വെറും ഹീനമായ ഒന്നായിരിക്കും. എന്നാൽ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ, അതു നമ്മളിൽ ഉത്പാദിപ്പിക്കുന്ന ഊർജ്ജം നാം കരുത്തുന്നതിലൊക്കെ എത്രയോ അധികം തന്നെയാണ്?

നമ്മുടെ ദുഃഖങ്ങളിൽ നിന്നും ഒരു ഉയിർത്തെഴുന്നേല്പിനുള്ള ഊർജ്ജോത്പാദനത്തിനോളം തന്നെ പ്രാധാന്യമുള്ളതാണ്, നാം ശ്രദ്ധയോടെയും പരിശ്രമത്തോടെയും വികസിപ്പിച്ചെടുത്ത ആ ഊർജത്തിന്റെ ഒരംശത്തെ, നമ്മോളം ബലമില്ലാത്തന്യനൊരുത്തന്റെ പ്രതീക്ഷയുടെ നെരിപ്പോട് കത്തിക്കാനുള്ള സൗമനസ്യം നാം കാണിക്കുക എന്നത്.

അതാണ്‌ നാം സംസ്കരിച്ചെടുത്തതിനെ മഹത്തായ ഒന്നാക്കുന്നത്.
             ഉദാഹരണത്തിന്, ഒരുവൻ തന്റെ കുട്ടിക്കാലത്തു ദാരിദ്ര്യത്തിൽ മാത്രം വളർന്നതാണെങ്കിലും, നാം ആദ്യം വിശകലനം ചെയ്തതുപോലെ ദുഃഖങ്ങളുടെ നെറുകയിൽ ചവിട്ടിയുയർന്നു വന്നിട്ടും താൻ നേടിയ സൗഭാഗ്യങ്ങളുടെ പരിലാസ കാലയളവിൽ മറ്റൊരുത്താനോട് തന്റെ ഊർജ്ജത്തിന്റെയോ ഊർജ്ജഫലങ്ങളുടെയോ ഏതെങ്കിലുമൊരു ഭാഗം പങ്കുവെയ്ക്കാൻ മടിക്കുന്നിടത്തു ഒരു കറുത്ത ക്രിസ്തു ജനിക്കുന്നുണ്ട് -
അവനതു കാണുകയോ അറിയുകയോ ചെയ്യുന്നില്ല എങ്കിൽപോലും, അപരൻ - ഗുണത്തിൽ കറുത്തൊരു ക്രിസ്തുവിനെ കണ്ടുമുട്ടാനിടയാകുന്നുണ്ട്..

 ഇനി, ഊർജ്ജപരിവർത്തനമൊന്നും നടക്കാതെ, എങ്ങിനൊക്കെയോ ജനിച്ചു പോയതിനെ ജീവിച്ചു തീർക്കുന്ന സാധു മനുഷ്യരിലൊരുത്തൻ തന്റെ ആയുഷ്കാലം പരിമിതപ്പെട്ടു പോകുമെന്നറിഞ്ഞിട്ടുകൂടി, തന്റെ ആരോഗ്യമുള്ള അവയവങ്ങളിലൊന്നോ അഥവാ അത്രതന്നെ മൂല്യമുള്ള മറ്റെന്തെങ്കിലുമോ കരുണയുടെയോ സാന്ത്വനത്തിന്റെയോ നനവിൽ തന്നെക്കാൾ നിറത്തിലും ജീവിത സാഹചര്യങ്ങളിലും സമ്പന്നനായൊരുത്തന് പ്രതിഫലമൊന്നും വാങ്ങാതെ തീറെഴുതിക്കൊടുക്കുമ്പോൾ അവനിൽ ജനിക്കുന്ന, നിറത്തിൽ മാത്രം കറുത്തുപോയൊരു ക്രിസ്തുവിനെ അഹന്ത ഉരുകിയിറങ്ങുന്ന കണ്ണുകളോടെ ആ ധനികനും കണ്ടുമുട്ടാം.

 മനുഷ്യന്റെ പ്രവർത്തികളാൽ വ്യത്യസ്തമായ കറുപ്പുമുഖങ്ങൾ അണിയപ്പെടേണ്ടി വരുന്നുണ്ട് ക്രിസ്തുവിനു.. ധനവാന്റെയും ലാസറിന്റെയും ജീവിതങ്ങളിൽ.. ജീവിത ദർശനങ്ങളിൽ.. പെരുമാറ്റ രീതികളിലൊക്കെ രണ്ടു മുഖത്തോടെ ക്രിസ്തു ഉടലെടുക്കുന്നുണ്ട്.. പൊതു സമൂഹത്തെ സംബോധന ചെയ്യുന്നുണ്ട്..

നിറംകൊണ്ടു കറുത്താലും ഗുണംകൊണ്ടൊരിക്കലും കറുക്കാത്ത, കരുവാളിക്കാത്തൊരു ക്രിസ്തുവിനെ ഈ നോമ്പുവീടലിന് വിളമ്പാൻ നമുക്കാവട്ടെ..
 സസ്നേഹം
റോണി ദ് ഗ്രാവൽ പിച്ചൈ

Friday, September 7, 2018

പുതപ്പിന്നക്കരെ


ഒരു പുതപ്പിന്നിക്കരെയക്കരെ കടലാഴങ്ങൾ. പരിഹാരമില്ലാത്ത പഴിയാഴങ്ങൾ. മഞ്ഞുമല.. മരുഭൂമി.. ആണ്ടിലൊരിക്കൽ മഴകനിയുന്ന സമതല സമയങ്ങൾ. നിമിഷാർദ്ധപ്പൂക്കൾ. മിഴിചിമ്മലിലണഞ്ഞകന്ന സന്ധ്യാംബരം. ചുവപ്പ്‌. തലച്ചോറിൽ ചോരമണം. ഞൊടിമരണങ്ങൾ. കലണ്ടർ ഓർപ്പിച്ച ദിനങ്ങളിലെ നനുത്ത ഓർമ്മക്കാറ്റ്‌. രൗദ്രം ചുടുകാറ്റ്‌. ഇരുകാൽനട. ചുടുവഴിപ്പൊള്ളൽ. കാറ്റിനോടു കൊതി. ഒന്നാകാൻ പെറ്റ നൊവിനുമ്മേലെ രണ്ടിടത്താകാനൊരിരട്ട നോവ്‌. മറന്ന പുഞ്ചിരികൾ. വരണ്ട മിഴിയിണകൾപ്പെറ്റിട്ട രണഭേരികൾ. നെഞ്ചു വിങ്ങുന്ന അലർച്ചകൾ. തലയിണ കുതിർത്ത നദിയിണകൾ. മുന്നിൽ നീണ്ടു നീണ്ടൊരു വഴി. നാമൊന്നിക്കുമ്പോഴിവിടിരുവശവുമുദ്യാനമായിരുന്നുപോലും. നീ കണ്ടെത്തിയ വഴിയേ നടകൊൾക. അവിടൊരുദ്യാനമുണ്ടെങ്കിൽ എനിക്കു മാപ്പു നൽകുക. ഞാനിവിടെയീ വെയിലത്തൽപ്പമിരിക്കട്ടെ.