Saturday, December 28, 2013

മോക്ഷം


വീടിന്റെ പിന്നിലൊരു ചെമ്പകമരം നിൽപ്പുണ്ട്‌... തൊട്ടടുത്തൊരു പാരിജാതവും. പണ്ടെപ്പൊഴോ ഒരു ഹോർട്ടികൾച്ചർ എക്സിബിഷനു പോയപ്പോൾ ഞാൻ തന്നെ വാങ്ങിനട്ടതാണു..പാരിജാതപ്പൂ ആദ്യം കണ്ടതു എന്റെ പാരിജാതം ആദ്യമായി പൂവിട്ടപ്പോഴാണു..നേരിയ കാറ്റിലും കുനുകുനെ പൊഴിയുന്ന നനുത്ത വെളുപ്പിൽ നേരിയ നീല കലർന്ന കുരുന്നു പൂക്കൾ...
ചെമ്പകം പൂത്തതു വളരെ വൈകിയാണു - എന്റെ ജീവിതത്തിൽ വന്ന പല ഭാഗ്യങ്ങളെയും പോലെ. ചെമ്പകം പൂക്കുന്ന സമയത്തൊക്കെയും ഞാൻ വീട്ടിൽ നിന്നും വളരെ ദൂരെയാവും.അതുകൊണ്ടുതന്നെ എന്റെ ചെമ്പകപ്പൂക്കളുടെ സുഗന്ധം നന്നായൊന്നാസ്വദിക്കാൻ പറ്റിയിട്ടില്ല ഇതുവരെയും.

ഒരിക്കലീ പ്രവാസം മതിയാക്കി സ്വസ്ഥമായെന്റെ വീടിന്റെ പരിയമ്പുറത്ത്‌ എന്റെ മരങ്ങളുടെ തണലിലൽപം ഇരിക്കണമെനിക്ക്‌..ആ സമയത്ത്‌ അവ രണ്ടും ഒരുമിച്ചൊന്നു പൂവിട്ടിരുന്നെങ്കിൽ....

Friday, December 27, 2013

ആരാധകൻ


തട്ടിപ്പറിക്കാൻ മുതിരുന്നില്ല ഭിക്ഷ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല അവകാശമാണെന്നു വാദിക്കുന്നില്ല ചോദിക്കാതെ നൽകാൻ ഞാൻ പറഞ്ഞതു നിന്റെ സമയത്തിന്റെ ഇലച്ചീന്തിലിത്തിരി മൊഴി പ്രസാദം മാത്രമാണു...