Tuesday, September 23, 2014

ഉത്തരം

 വർണ്ണപ്രഭയാർന്ന വേദിയിൽ അയാൾ പാടിത്തുടങ്ങി.. ഇഷ്ട നിറങ്ങളായ നീലയും വെള്ളയും കലർന്ന വസ്ത്രങ്ങളായിരുന്നു അയാൾക്കു... "ഇനിയൊരിക്കലെവിടെയോ നിനയ്ക്കാതെ കാണുവാൻ നിരത്തിലീ കവലയിൽ പിരിയുന്നിനി നാം" എന്ന് പാടവേ കണ്ണുകൾ തറച്ചതു മുന്നിലെ നിരയിൽ സ്വർണ്ണ നിറമുള്ള തിളങ്ങുന്ന വസ്ത്രത്തിൽ പരിലസിച്ചു തന്റെ പാട്ടാസ്വദിക്കുന്ന യുവതിയിലാണു. കണ്ണുകളിടഞ്ഞു... ഏറെ നേരം കണ്ണുകളുടക്കി നിന്നു... ഒരു പുഞ്ചിരി മിന്നി മറഞ്ഞുവോ? പാട്ട്‌ കഴിഞ്ഞു.. പിൻ വേദിയിൽ ചെന്ന് തന്ന അവസരത്തിനു നന്ദി പറഞ്ഞ്‌ ഇരുട്ടിൽ ഇളകിമറിയുന്ന ആൾക്കൂട്ടത്തിലൊരുവനാകുമ്പൊഴേക്കും വേദിയിൽ നൃത്തത്തിനു തയ്യാറായി അവൾ.. മനം മയക്കുന്നൊരു മാസ്മരികതയുണ്ടായിരുന്നു ആ ചുവടുകൾക്ക്‌... ചലനങ്ങൾക്ക്‌ വല്ലാത്തൊരു വശ്യതയും... മുടിയിൽ വിരലോട്ടിക്കൊണ്ടവൾ തിരക്കി.. "എന്നിട്ട്‌?" ആവോ.. ഓർമയില്ല. ഞാൻ പറഞ്ഞു.. "ശ്ശോ.. ഈ ചെക്കനെന്താ ഒരു സ്വപ്നവും മുഴുവൻ ഓർക്കാത്തേ? ഡ്രെസ്സിന്റെ കളറൊക്കെ കേട്ടപ്പോ എനിക്ക്‌ നിന്നെയാ ഓർമ്മ വന്നെ " അവൾ പരിഭവിച്ചു. സ്വപ്നങ്ങളോടെനിക്കും അതു കേട്ടു നീരസം തോന്നി. ഈ സ്വപ്നങ്ങളെന്തായിങ്ങനെ? ഒാർമയുടെ വല കീറി എങ്ങോട്ടെയ്ക്കാണിവ പായുന്നതു ? കുറെ നാളുകൾക്കു ശേഷം വൈകിട്ട്‌ ഞാൻ വീട്ടിലെത്തുമ്പോൾ ഒത്തിരി സന്തോഷത്തോടെ അവൾ.. നെറ്റിയിൽ മുത്തം നൽകി ചോദിച്ചു എന്ത്‌ പറ്റിയിന്നു? കുസൃതി നിറഞ്ഞ കണ്ണുകളോടെ ചായ ഒരുക്കിക്കൊണ്ട്‌ അവൾ പറഞ്ഞു " അതോ..? അതൊക്കെ സർപ്പ്രൈസ്‌ ആണു. ആദ്യം നീയൊന്ന് ഫ്രഷ്‌ ആയി വാ..." വരുമ്പൊളേയ്ക്കും അവൾ ലാപ്ടോപ്‌ തുറന്നു ഒരു വീഡിയോ പ്ലേ ചെയ്യാൻ റെഡിയായിരുന്നു.. എന്താ ഇതു?.. ഓർമയിലെവിടെയൊ പരതിക്കൊണ്ട്‌ അവൾ അതോ ? കോളെജിൽ പഠിക്കുമ്പോൾ കളിച്ച ഒരു ഡാൻസ്‌ ആണു.. അന്ന് നീയാ സ്വപ്നം പറഞ്ഞപ്പൊളാ ഞാനിതോർത്തതു.. കുറേ അന്വേഷിച്ചു. ഇന്നലെ ആശയോടിക്കാര്യം പറഞ്ഞപ്പോ അവളു തപ്പിയെടുത്ത്‌ മെയിൽ ചെയ്തു തന്നു.നിന്റെ സ്വപ്നത്തിലെ പെണ്ണിനെപ്പോലെ സ്വർണ്ണ നിറമുള്ള്‌ ഡ്രെസ്സാ ഇതിലെനിക്കും... മണി കിലുങ്ങുപോലെ അവൾ ചിരിക്കുന്നതു കണ്ടിട്ടും അമ്പരന്നു സ്ക്രീനിൽ നോക്കിയിരിക്കുന്ന എന്നോട്‌ അവളെന്തെങ്കിലും ചോദിക്കും മുന്നേ ഞാൻ പറഞ്ഞു.. ഡ്രെസ്സു മാത്രമല്ല.. പാട്ടും അതുതന്നെയാ... എന്റെ അമ്പരപ്പിന്റെ പാതിയും വാങ്ങി വാ പൊളിച്ചു നിൽക്കുന്ന അവളെ നോക്കി ചിരിച്ചു കൊണ്ടു ഫേസ്‌ ബുക്‌ തുറക്കുമ്പോൾ ആദ്യം കണ്ട പോസ്റ്റ്‌ സ്വപ്നത്തെക്കുറിച്ചായിരുന്നു... "കഴിഞ്ഞൊരു ജന്മത്തിന്റെ കൊഴിഞ്ഞ ദലങ്ങളിൽ ചിലതാണു സ്വപ്നങ്ങൾ.." അതു കൊണ്ടാവും അതു മുഴുവനായ്‌ ഓർത്തിരിക്കാൻ ആരോ അനുവാദം തരാത്തതെന്നു എഴുതിചേർത്ത്‌ അതു റീ പോസ്റ്റ്‌ ചെയ്യുമ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.. പ്രതീക്ഷിച്ചിരിക്കാതെ, കുഴക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടെത്തിയ ഗണിത വിദ്യാർത്ഥിക്കുണ്ടാകുന്ന പോലുള്ള ഒന്നു...

No comments:

Post a Comment