Monday, September 22, 2014

നീ കേട്ടുകൊണ്ടിരിക്കുന്നത്‌

ഉപരിതലത്തിനും മീതെ, ഗുരുത്വാകർഷണങ്ങൾക്കും പിടിച്ചുനിർത്താനാവാത്തത്ര തീവ്രമായൊരഗാധ പ്രേമം....
പരിഭവങ്ങളിൽ നനഞ്ഞാലും സ്വയം കത്തി ചൂടേറ്റുണങ്ങി നനുത്തതെങ്കിലും ബലമുള്ള ചിറകടിച്ചുയരുന്ന ഒന്ന്...

ഏതു പിണക്കത്തെയും മഞ്ഞുപോലെ അലിയിച്ച്‌ ഏതു തെറ്റിനെയും ഉപാധികളില്ലാതെ പൊറുക്കുന്ന ഒന്ന്...

അസൂയപ്പെട്ടാലും ദോലകത്തിന്റെ ഏഴെട്ടാട്ടങ്ങൾക്കപ്പുറതേയ്ക്ക്‌ അതു വച്ചു പൊറുപ്പിക്കാതെ നിശബ്ദമായി അനുധാവനം ചെയ്യുന്ന നിറമുള്ള പ്രണയം...

സ്വപ്നങ്ങൾ കൊതിയോടെ കാത്തിരിക്കുന്നുണ്ട്‌ നീ വരുന്നതും നോക്കി... നിന്റെ പാദസരമണിസ്വരം മാത്രം ചിലമ്പുന്നൊരിടനാഴിവഴിയിൽ....

നീ പാടാത്തതെന്തേ കൂട്ടുകാരീ....?  എത കൊതിയാണെന്നോ ഒരു മൂളിപ്പാട്ടെങ്കിലുമൊന്നു കേൾക്കാൻ....

സമയത്തിനുമപ്പുറത്തെയ്ക്കൊന്നു യാത്ര പോകേണ്ടതുണ്ട്‌... വെറുതെ, നിന്റെ കൗമാര വഴികളിലും യവ്വനോൽസവ മൈതാനത്തുമൊക്കെ നിനക്കൊപ്പം നടന്നു വരാൻ...

എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞു വർത്തമാനത്തിലെത്തുമ്പോൾ ഈ സമയചക്രം കുറച്ചു നാളേയ്ക്കെങ്കിലും ഒന്നു നിർത്തി വയ്ക്കണം... ആ സമയം മുഴുവൻ നമുക്കു പ്രണയത്തെക്കുറിച്ചു മാത്രം സംസാരിക്കണം....

ഒരു പക്ഷേ നിനക്ക്‌ നമ്മുടെ ഭാവിയെന്താകുമെന്നറിയാനൊരാകാംക്ഷ കണ്ടേക്കാം... ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം ഇതു പ്രണയത്തെപ്പറ്റി സംസാരിക്കാനുള്ള സമയമാണു.... ഭാവിയെന്നതു ഉൽക്കണ്ഠയുടെ ഒരു ഇരുണ്ടിടുങ്ങിയ തുരങ്കമാണു.... അതു കടക്കാൻ നമ്മൾ ശക്തി നേടുന്നത്‌ ഇവിടെയിപ്പോൾ നമ്മൾ പരസ്പരം പകരുന്ന സ്നേഹത്തിൽ നിന്നു മാത്രമാണു....

മുന്നോട്ടുള്ള യാത്രയിൽ എന്റെ വലത്തു കൈ ഏതിരുട്ടിലും ഞാൻ കാണും നീയതിന്റെ തുമ്പിലുണ്ടെങ്കിൽ...

No comments:

Post a Comment