Monday, November 23, 2020

മൂവർ

ഞങ്ങൾ മൂന്നാളും കാലത്തെണീറ്റ് പല്ലുതേയ്പ്പ് മൽസരം നടത്തുന്ന സമയത്താണു ഓറഞ്ചു തിന്നിട്ട് എറിഞ്ഞു കളഞ്ഞ കുരു അടുക്കളപ്പുറത്ത് ഒരു കുഞ്ഞിത്തൈ ആയി കിളിർത്തു നിൽക്കുന്നതു കണ്ണിൽപ്പെട്ടത്. ഉടനേ മൂന്നാളും അതിനു ചോട്ടിൽ കുത്തിയിരുന്നു സ്കൂളിൽ പോകാൻ വൈകിയതിനുള്ള അമ്മയുടെ ആക്രോശങ്ങളെ പാടേ അവഗണിച്ചു ചർച്ച തുടങ്ങി.
ലെ ഞാൻ: എടീ ഒരു കമ്പിങ്ങെടുത്തേ നമുക്കിതിനു തടമെടുക്കാം.
അപ്പൊത്തന്നെ എന്റെ ആജ്ഞാനുവർത്തികളായ സഹോദരിമാർ റെഡി. ഒരുത്തി കമ്പെടുത്തു. ഒരുത്തി ഇടം കയ്യിലെ ഉമിക്കരി തട്ടിക്കളഞ്ഞു ഉനങ്ങിയ ഒരു ചാണക കട്ട എടുത്തു വന്നു.
സംശയം ഫ്രം ലെ സിസ്റ്റർ 1 : അല്ലച്ചാച്ചാ ഈ ഓറഞ്ചൊക്കെ നമ്മടിവിടെ പിടിക്കുവൊ?
ലെ ഞാൻ : പിന്നേ......
ലെ അടുത്തവൾ : അല്ലാ, അപ്പോ ഇതിനു നല്ല തണുപ്പു വേണമെന്നു പറയുന്നതോ?
ലേ ഞാൻ : അതിനല്ലെ നമ്മളെന്നും ജയൻ ചേട്ടന്റെ കടേന്നു ഐസു വാങ്ങി ഇതിന്റെ ചോട്ടിലിടാൻ പോണതു... ഹും! രണ്ടും വിശ്വസിച്ചു.
ഞാൻ തുടരവേ.. എന്റെ വർണനയ്ക്കൊപ്പം വിടർന്നു വരുന്ന നാലു കണ്ണുകളും ഉമിക്കരി പടർന്ന ചിരിയും ഞാനെന്തു പറഞ്ഞാലും വിശ്വസിക്കുന്ന രണ്ടു കുരുന്നു ഹൃദയങ്ങളും ആ ഓറഞ്ചു തൈക്കൊപ്പം വളർന്നു. പൂത്തു കായ്ച്ചു പഴുത്തു. പ്രിയപ്പെട്ടവർക്കൊക്കെ പേരു വിളിച്ചു പങ്കുവെച്ചു. ഇഷ്ടമില്ലാത്തോർക്കൊക്കെ "കൊടുക്കാപ്പറിച്ചന്മാർ" ആയി. ആ സ്വപ്നം ഒരു മരത്തിൽ നിന്നും വലിയൊരു ഓറഞ്ചു തോട്ടത്തിലേയ്ക്കും ഒരു പാടു സമ്പത്തിലേയ്ക്കുമൊക്കെ പോയി.
ഇന്നും ജീവിതത്തിന്റെ ഒന്നുമില്ലായ്മകളിൽ പുഞ്ചിരിയോടെ നിന്നു കയ്യിലുള്ള ചെറിയ നന്മയെക്കുറിച്ചു സ്വപ്നം കാണാനും പൊരുതി നേടാനും ഊർജ്ജം തരുന്ന ആ നല്ല ഓർമ്മകൾക്കു നന്ദി.
സഹോദരിമാർ യുദ്ധവീരന്മാരെ സൃഷ്ടിക്കുന്നു.

No comments:

Post a Comment