Monday, April 6, 2020

കറുത്ത ക്രിസ്തു


ദുര്യോഗങ്ങളെ ഓർത്തു പരിതപ്പിച്ചുമാത്രം കഴിയുന്നിടത്തോളം, ദുഃഖം വെറും ഹീനമായ ഒന്നായിരിക്കും. എന്നാൽ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ, അതു നമ്മളിൽ ഉത്പാദിപ്പിക്കുന്ന ഊർജ്ജം നാം കരുത്തുന്നതിലൊക്കെ എത്രയോ അധികം തന്നെയാണ്?

നമ്മുടെ ദുഃഖങ്ങളിൽ നിന്നും ഒരു ഉയിർത്തെഴുന്നേല്പിനുള്ള ഊർജ്ജോത്പാദനത്തിനോളം തന്നെ പ്രാധാന്യമുള്ളതാണ്, നാം ശ്രദ്ധയോടെയും പരിശ്രമത്തോടെയും വികസിപ്പിച്ചെടുത്ത ആ ഊർജത്തിന്റെ ഒരംശത്തെ, നമ്മോളം ബലമില്ലാത്തന്യനൊരുത്തന്റെ പ്രതീക്ഷയുടെ നെരിപ്പോട് കത്തിക്കാനുള്ള സൗമനസ്യം നാം കാണിക്കുക എന്നത്.

അതാണ്‌ നാം സംസ്കരിച്ചെടുത്തതിനെ മഹത്തായ ഒന്നാക്കുന്നത്.
             ഉദാഹരണത്തിന്, ഒരുവൻ തന്റെ കുട്ടിക്കാലത്തു ദാരിദ്ര്യത്തിൽ മാത്രം വളർന്നതാണെങ്കിലും, നാം ആദ്യം വിശകലനം ചെയ്തതുപോലെ ദുഃഖങ്ങളുടെ നെറുകയിൽ ചവിട്ടിയുയർന്നു വന്നിട്ടും താൻ നേടിയ സൗഭാഗ്യങ്ങളുടെ പരിലാസ കാലയളവിൽ മറ്റൊരുത്താനോട് തന്റെ ഊർജ്ജത്തിന്റെയോ ഊർജ്ജഫലങ്ങളുടെയോ ഏതെങ്കിലുമൊരു ഭാഗം പങ്കുവെയ്ക്കാൻ മടിക്കുന്നിടത്തു ഒരു കറുത്ത ക്രിസ്തു ജനിക്കുന്നുണ്ട് -
അവനതു കാണുകയോ അറിയുകയോ ചെയ്യുന്നില്ല എങ്കിൽപോലും, അപരൻ - ഗുണത്തിൽ കറുത്തൊരു ക്രിസ്തുവിനെ കണ്ടുമുട്ടാനിടയാകുന്നുണ്ട്..

 ഇനി, ഊർജ്ജപരിവർത്തനമൊന്നും നടക്കാതെ, എങ്ങിനൊക്കെയോ ജനിച്ചു പോയതിനെ ജീവിച്ചു തീർക്കുന്ന സാധു മനുഷ്യരിലൊരുത്തൻ തന്റെ ആയുഷ്കാലം പരിമിതപ്പെട്ടു പോകുമെന്നറിഞ്ഞിട്ടുകൂടി, തന്റെ ആരോഗ്യമുള്ള അവയവങ്ങളിലൊന്നോ അഥവാ അത്രതന്നെ മൂല്യമുള്ള മറ്റെന്തെങ്കിലുമോ കരുണയുടെയോ സാന്ത്വനത്തിന്റെയോ നനവിൽ തന്നെക്കാൾ നിറത്തിലും ജീവിത സാഹചര്യങ്ങളിലും സമ്പന്നനായൊരുത്തന് പ്രതിഫലമൊന്നും വാങ്ങാതെ തീറെഴുതിക്കൊടുക്കുമ്പോൾ അവനിൽ ജനിക്കുന്ന, നിറത്തിൽ മാത്രം കറുത്തുപോയൊരു ക്രിസ്തുവിനെ അഹന്ത ഉരുകിയിറങ്ങുന്ന കണ്ണുകളോടെ ആ ധനികനും കണ്ടുമുട്ടാം.

 മനുഷ്യന്റെ പ്രവർത്തികളാൽ വ്യത്യസ്തമായ കറുപ്പുമുഖങ്ങൾ അണിയപ്പെടേണ്ടി വരുന്നുണ്ട് ക്രിസ്തുവിനു.. ധനവാന്റെയും ലാസറിന്റെയും ജീവിതങ്ങളിൽ.. ജീവിത ദർശനങ്ങളിൽ.. പെരുമാറ്റ രീതികളിലൊക്കെ രണ്ടു മുഖത്തോടെ ക്രിസ്തു ഉടലെടുക്കുന്നുണ്ട്.. പൊതു സമൂഹത്തെ സംബോധന ചെയ്യുന്നുണ്ട്..

നിറംകൊണ്ടു കറുത്താലും ഗുണംകൊണ്ടൊരിക്കലും കറുക്കാത്ത, കരുവാളിക്കാത്തൊരു ക്രിസ്തുവിനെ ഈ നോമ്പുവീടലിന് വിളമ്പാൻ നമുക്കാവട്ടെ..
 സസ്നേഹം
റോണി ദ് ഗ്രാവൽ പിച്ചൈ

No comments:

Post a Comment