Friday, September 7, 2018

നോക്കുകുത്തി


പലഭാഗത്തും കൃഷി നിലച്ചു കഴിഞ്ഞ ആ പഴയ വലിയ പാടശേഖരത്തിന്റെ വരമ്പിലൂടെ നടക്കുമ്പോഴെല്ലാം ഒടിഞ്ഞു വീഴാറായ ആ നോക്കുകുത്തിയെപ്പറ്റി ആലോചിക്കാറുണ്ട്‌...ജന്മനാ കാതുകളില്ലാത്ത , പ്രത്യക്ഷത്തിൽ വെറുമൊരു കോലമാണതെങ്കിലും ജീവിതങ്ങളോട്‌ എവിടൊക്കെയോ താദാദ്മ്യപ്പെടാറുള്ള വയ്ക്കോൽ കോലങ്ങൾ... ജീവിതം പലപ്പൊഴും നമ്മിൽ പലരെയുമിതുപോലെ കൊണ്ടുപോയങ്ങു നിർത്തും... പൊന്നിൻ നിറമുള്ള നെൽപ്പാടത്തിന്റെ ഉടയോനാണു നീയെന്നും പറഞ്ഞു... ചിലപ്പോൾ തോന്നും, കാതില്ലാത്തവൻ കണ്ണുകൊണ്ടു ചൊടിയുടെ ചലനങ്ങളെ ഉന്നം പിടിച്ചു കേൾക്കാൻ ശ്രമിക്കുന്നൊരു ഭാവമായതു കൊണ്ടാവണം നോക്കുകുത്തിക്കു ഇങ്ങനൊരു പേരു കിട്ടിപ്പോയതെന്ന് . ലക്ഷണമൊക്കാത്ത ഉടയാടകൾക്കും മാറ്റാൻ കൊതിച്ചാലും അതിനാകാത്തത്രയാഴത്തിൽ കോറിയിടപ്പെട്ടൊരു ചിരിഭാവത്തിനുമുള്ളിൽ നന്മയുടെ വയ്ക്കോൽ മണമുള്ളൊരു ഹൃദയമുണ്ടാകുമോ അതിൽ? ഉണ്ടെങ്കിൽ അതുകൊണ്ടു തന്നെയാവും നോക്കുകുത്തി വെറും നോക്കുകുത്തിയായിപ്പോകുന്നത്‌.. ആരൊക്കെയോ സൗകര്യപൂർവം വരച്ചുചേർക്കാൻ വിട്ടുപോയ കാതുകൾക്കു ആരോടു പരാതി പറയണമെന്നറിയാതെ, വെയിലിലും മഴയിലും ഒരേ ഭാവവുമായ്‌ നമ്മളിൽ ചിലരും.. കണ്ണുകളെ കാതുകളാക്കാൻ വൃഥാ ശ്രമിച്ചും കൊണ്ട്‌... മുറിച്ചു വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ വലിയ പാടത്തിലിനിയും സ്വന്തമായിത്തിരി പൊൻ-വെയിൽ കാണാനാവുമെന്നു കരുതിക്കൊണ്ട്‌... ഒടുവിലീ വരമ്പറ്റമെങ്കിലും തന്റേതായുണ്ടാവുമെന്നു പ്രതീക്ഷിച്ചു കൊണ്ട്‌...

ചെല്ലപ്പേരു


മരിക്കുന്നെങ്കിൽ അതൊരു തണുപ്പു കാലത്തു വേണം.. മഞ്ഞു മൂടിയൊരു പുലർച്ചെ. അടിവസ്ത്രങ്ങളിൽ മാത്രമാവണം തലേന്നുറങ്ങാൻ കിടക്കേണ്ടതു. രാവിന്റെ തണുപ്പു മുഴുവനും ശരീരത്തിലേയ്ക്കാവാഹിക്കണം. തണുപ്പിന്റെ മരവിപ്പും മരണത്തിന്റെ മരവിപ്പും തമ്മിൽ തിരിച്ചറിയാതെ വേണം മരിക്കാൻ... മരണത്തിനു വല്ലാത്തൊരു തണുപ്പാണെന്നു ഞാൻ തന്നെ പണ്ടെപ്പൊഴോ എഴുതിയിട്ടുണ്ട്‌. ഒരുപക്ഷേ, അതെന്റെ വെറുമൊരു സങ്കൽപമായിരിക്കാമെങ്കിൽക്കൂടി, എനിക്കങ്ങനെ കരുതാനാണിഷ്ടം. കാരണം, ഈ തണുപ്പിൽ എല്ലാം തന്നെ അവ്യക്തവും നിശ്ചലവുമാണു. അതുപോലെ, മരണമെന്നതു എല്ലാം നിശ്ചലമാകുന്നൊരു മുഹൂർത്തവും. ജീവിതത്തിന്റെ എല്ലാ അർഥങ്ങളും ആശകളും ആശങ്കകളുമൊക്കെ ഒരു നിമിഷാർഥം കൊണ്ട്‌ എരിഞ്ഞടങ്ങുന്ന മുഹൂർത്തം. എനിക്കൊരു കൊതി മാത്രം ബാക്കിയുണ്ടാകും അപ്പൊഴും... ജീവിതത്തിന്റെ മരവിപ്പിന്റെ അതിർത്തി കടന്നു മരണത്തിന്റെ മരവിപ്പിലേയ്ക്കു കാലൂന്നും മുന്നേ എനിക്കു ഞാൻ നിന്നെ വിളിക്കാറുള്ള ചെല്ലപ്പേരു ഒത്തിരി സ്നേഹത്തോടെയൊന്നു വിളിക്കണം... നീയതു കേട്ടുവെന്നും എന്തോന്നു വിളികേട്ടെന്നും സുന്ദരമായി പുഞ്ചിരിച്ചെന്നും ഞാൻ മനസ്സിൽ കാണും... പിന്നെ, ഈ മരുഭൂമിയിലെ തണുപ്പുകാലം പോലെ വിരസമായ മരണത്തിലേയ്ക്കു മെല്ലെ മെല്ലെ.....

Tuesday, October 6, 2015

മാപിനി


നിലനിൽപ്പേ ഘടികാര മണലേ ആത്മാവിൻ മരണങ്ങളേ.. സ്വപ്നമേ സ്വൈര്യമേ ആവിപറക്കുന്ന ഖിന്നതയേ.. അസ്തിത്വം പറക്കാൻ മടിക്കും നാണയക്കൂമ്പാരക്കൊതിയേ.. പ്രാണനേ നിൻ വിലയറിയാത്ത കരളിനു കൗതുകത്തിളക്കം നിറയ്ക്കും ലോഹമേ- ലോകമേ.. ഇലക്കൂർമ്പലിൽത്തട്ടിയുടഞ്ഞ നിലവേ നിഴൽച്ചിത്രം പച്ചകുത്തിയൊരെന്നുടലേ.. പറയാൻ കൊതിപ്പതിത്രമാത്രം.. ഇഹമല്ല ഞാനായിരുന്ന-ഇനിയാകാനിരിക്കുന്ന പരം മാത്രമാണു പരമ പ്രധാനം.

Thursday, December 25, 2014

നമുക്ക്‌

അടുത്തേയ്ക്കു വരൂ.. ഭ്രാന്തുപിടിച്ച പ്രണയികളെപ്പോലെ ഒരു ദിവസ്സം ചെലവഴിക്കാം നമുക്ക്‌... പുല്ലുമൂടിയൊരു മൊട്ടക്കുന്നിൻ മുകളിലേയ്ക്കോടിക്കയറാം എന്നിട്ട്‌, അവിടെനിന്നും അങ്ങുതാഴെ അരുവിക്കരവരേയും കെട്ടിപ്പിടിച്ചുരുണ്ടുമറിയാം നമുക്ക്‌. എന്നിട്ടു മുട്ടോളം വെള്ളത്തിൽ നിലം തൊട്ടു മുങ്ങി, പരസ്പരം കണ്ണിൽ നോക്കി ശ്വാസം മുട്ടുംവരെ കിടക്കാം.. പൊടുന്നനെ നിവർന്നുയർന്നു കിതച്ചു തുടരെ ചുമച്ചു കിതച്ച്‌ ഭ്രാന്തുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു ചുംബിച്ചു ശ്വാസം പകരാം നമുക്ക്‌... ഗാഢമായൊരാലിംഗനത്തിൽനിന്നുമയഞ്ഞ്‌ " പച്ചില ചവിട്ട്‌" കളിച്ചു കുന്നിൻ മുകളിലേയ്ക്കു വീണ്ടും കയറാം നമുക്ക്‌. ഉയരത്തിൽ, ഒത്തിരി താഴെക്കാണുന്ന സമതലത്തിലേയ്ക്കു നീണ്ടുനിൽക്കുന്ന കരിമ്പാറയുടെ മൂക്കിന്തുമ്പിൽ കാലുതാഴേയ്ക്കിട്ട്‌ പേടിയില്ലാതെയിരിക്കാം നമുക്ക്‌... അവിടെ നിന്നും പരസ്പരം പേരുകൾ വിളിച്ചുകൂവി പ്രതിധ്വനിക്കു കാതോർക്കാം നമുക്ക്‌.. പിന്നെ, പറയാതെ വന്ന മഴയിൽത്തണുത്ത നമ്മളെ ചുംബനങ്ങളാൽ ചൂടാക്കാം നമുക്ക്‌... എന്നിട്ടു വീണ്ടും ഭ്രാന്തിന്റെ ഉയരത്തിലേയ്ക്ക്‌ കിതപ്പോടെ ഓടിക്കയറാം നമുക്ക്‌

Tuesday, December 9, 2014

കൊടിയേറ്റം

കരളുകൊണ്ടു സ്നേഹിക്കാനിനിയും കലഹിക്കാം നമുക്ക്‌..
കൊതിയെല്ലാം വലം കയ്യുടെ ചൂണ്ടാണി വിരലിലാവാഹിച്ചു
വിരഹത്തിന്റെ മഞ്ഞുകാലം കഴിയാൻ കാത്തിരിക്കാം..
അന്ന്‌..,
ക്ഷമാപണങ്ങൾ നെറുകയിലലിയുന്നൊരു ചുംബനത്തിലും, പരിഭവങ്ങൾ വരിഞ്ഞുമുറുക്കിയൊരാലിംഗനത്തിലും അലിഞ്ഞു പൊകട്ടെ!
നമ്മൾ കൊതിച്ച നമ്മുടെ മാത്രം ലോകത്തിനിയുത്സ്സവം കൊടിയേറട്ടെ!!

Sunday, October 5, 2014

അജ്ഞാതം

ഞാൻ പണ്ടേ ആ വാതിലങ്ങടച്ചു..ആർക്കും കടന്നു വരാനാവാത്തവിധം... പക്ഷെ, എനിക്കു മനസ്സിലാകാത്തതു  സ്വപ്നങ്ങളുടെയും വാക്കുകളുടെയും വരകളുടെയും വാതിലുകൾ ഭേദിച്ചു നീ- നീ മാത്രമെങ്ങിനെ അകത്തു കടക്കുന്നുവെന്നാണു...

Friday, October 3, 2014

നിറം - സ്വപ്നം - തീർത്ഥാടനം


നീ നിറം ചാലിച്ച ചിരി പകരുകയായിരുന്നു ചുറ്റിലുമുള്ള എല്ലാറ്റിലും.. എല്ലാവരിലും....

പക്ഷെ, എനിക്കു മുന്നിൽ മാത്രം നിന്റെ നിറംകെട്ട ലോകം നീ തുറന്നിട്ടത്‌ എന്നിലുള്ള നിന്റെ വിശ്വാസമോ സ്നേഹാധിക്യമോ? 

കണ്ണീർ പടർന്നലിഞ്ഞു പോയ, പലയിടങ്ങളിലും അവ്യക്തമായിപ്പോയ വരകൾ... കഥകൾ...

ഞാൻ നിറം തേടുകയായിരുന്നു.. ആ വരണ്ട കറുത്ത വരകൾക്കരികിലൂടെ പുതിയ വരകൾ വരച്ച്‌ അവയ്ക്ക്‌ നിറം പകരാൻ.. എന്റെ കണ്ണീരിൽ, ഞാൻ വരയ്ക്കുന്ന വരകൾ നേർത്തു പോകുന്നുവോ?

കടുത്ത നിറങ്ങളുള്ള സ്വപ്നങ്ങളാണു നിദ്രയിൽ നിറയെ..
ശ്രദ്ധയോടെ അവയെ ഓർത്തെടുക്കാനുള്ള കൊതിയോടെയുള്ള ഓരോ ഉണരലും  അശ്രദ്ധമായി... നിർദ്ദയമായി അവയെ മായ്ച്ചുകളയുന്നു...

ഞാനൊരിക്കലുമുണരാതിരുന്നെങ്കിൽ... !!!

ആ നീണ്ട നിദ്രയിലാണ്ടു കിടക്കുന്നൊരു കിനാവിൽ  നമുക്കൊന്നിച്ചൊരു യാത്ര പോകണം..

നക്ഷത്രങ്ങൾ പ്രദക്ഷിണം തുടങ്ങുന്നിടത്തേയ്ക്ക്‌..
മഞ്ഞുകണിക രൂപംകൊള്ളുന്നിടത്തേയ്ക്ക്‌..
കാറ്റിനു ശബ്ദമില്ലാത്തിടങ്ങളിലേയ്ക്ക്‌..

നമ്മൾ, നമ്മൾ മാത്രമായിരിക്കൊന്നൊരിടം..
വെറും സ്ത്രീയും പുരുഷനുമായി നാം മാറുന്നൊരിടം..
നിലംതൊടാ മഴത്തുള്ളികളിൽ നനയണം നമുക്ക്‌..

ശരത്‌ കാലത്തുണങ്ങിയ നിലത്ത്‌ തൊട്ടു തൊട്ടില്ലയെന്നപോൽ പറക്കുന്ന രണ്ടു തൂവലുകൾ നാം...

ഗ്രീഷ്മം തളർത്താത്ത പ്രേമവും പേറി ഇനിയുമിനിയും നക്ഷത്രങ്ങൾക്കൊപ്പം പറഞ്ഞുവന്ന ഈ വഴികളിലൂടെയൊക്കെ എല്ലാക്കാലങ്ങളിലും ജന്മങ്ങളിലും നാമുണ്ടാവും.