ronynor
ഏറ്റവും പുറകിലെ ബെഞ്ചില് ജനലിനടുത്തിരുന്ന പയ്യന്...
Saturday, September 21, 2024
മടി
ഒരാധുനിക പ്രണയത്തിൽ അവനുണ്ടാക്കിയ സൂപ്പ് അവന്റെ ഇടതുകയ്യിലിരുന്ന് അവളും കുടിച്ചു.. അവരപ്പോൾ ഒരേ തീന്മേശയ്ക്കിരുപുറവുമിരുന്ന് കൗതുകത്തൊടെ പരസ്പരം ഉറ്റു നോക്കുന്ന ഹൃദയങ്ങളെപ്പറ്റിയായിരുന്നു സംസാരിച്ചത്. അവയുടെ തുടിപ്പുകളുടെ എണ്ണം പരസ്പരം വിരൽത്തൊട്ടു കൂട്ടിക്കിഴിച്ചു ചിരിച്ചു. ചുണ്ടിൽ പരന്ന സാൾട്ട് ആൻഡ് പേപ്പർ രുചി നുണഞ്ഞു കുഴഞ്ഞവർ മുഖത്തോട് മുഖം നോക്കി കിടന്നു.. ചാർജർ കുത്താൻ മടിച്ച്
ഹാങ്ങോവർ
നഷ്ടപ്പെടും മുന്നെ നിന്നെ
പൂർണമായി എന്നിലേയ്ക്ക് ചേർക്കണം.
ഒന്നാലോചിച്ചു നൊക്കൂ..
ശ്വാസം മൊത്തം നീ..
പുകയ്ക്കടിമയാകുമ്പോലെ,
നീയില്ലാതെവന്നാൽ വല്ലാതെ
അസ്വസ്ഥനാകണമെനിക്ക്..
ജീവിച്ചിരിക്കെ മരിക്കണമെനിക്ക്
പോപ്പോമ്മ
മുളങ്കൂട്ടമൊന്നിൽ കാറ്റുമീട്ടും
പാട്ടുകേട്ടു താഴെ പുൽത്തലപ്പിൻ
തണുവും മണവും നുകർന്നിനിയും
ബാല്യമോർത്തൊന്നു മയങ്ങണം
ചെറുക്കാ നീയെവിടെയെന്നൊരു
രോദനം തോൽക്കുമാറുള്ളൊ-
രെൻ മുത്തശ്ശി വിളികേട്ടുണരണം
കുളിച്ചാറ്റുമീൻ കൂട്ടിയുണ്ണണം
വെളുത്ത ചട്ടതൻ നെഞ്ചോടമർത്തി-
യെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചൊ-രൊത്തിരി സ്നേഹം പകരുന്നൊരുത്തി നീയിന്നുമെൻ മുത്തശ്ശി - ഇല്ലെങ്കിലും
Feeling lose home.. :(
റിട്ടയേർമെന്റ്
വീടിന്റെ പിന്നാമ്പുറത്തൊരു ചെമ്പകമരം നിൽപ്പുണ്ട്... തൊട്ടടുത്തുതന്നെ ഒരു പാരിജാതവും... പണ്ടെപ്പൊഴോ ഒരു ഹോർട്ടി കൾചർ എക്സിബിഷനു പോയപ്പൊ ഞാൻ തന്നെ വാങ്ങി നട്ടതാണ്. പാരിജാതപ്പൂ കണ്ടതുതന്നെ അതാദ്യം പൂത്തപ്പൊഴായിരുന്നു. ചെറിയൊരു കാറ്റിലും മഴയായ്പ്പെയ്യുന്ന വെളുപ്പിൽ നേരിയനീല കലർന്ന കുരുന്നു പൂക്കൾ...
എന്റെ ചെമ്പകം പൂത്തതു ഒരുപാടു വൈകിയാണു.. എന്റെ ജീവിതത്തിൽ വന്ന പല ഭാഗ്യങ്ങളെയും പോലെ. ചെമ്പകം പൂക്കാറുള്ളപ്പൊഴൊക്കെ ഞാൻ വീട്ടിൽ നിന്നും ദൂരെയാവും.. അതുകൊണ്ട് ചെമ്പകത്തിന്റെ മണം നന്നായൊന്നാസ്വദിക്കാൻ പറ്റിയിട്ടില്ല.പ്രവാസം മതിയാക്കി ഒരിക്കൽ സ്വസ്ഥമായൊന്നു വീട്ടിലിരിക്കണം.. എന്റെ ചെമ്പകത്തിന്റെയും പാരിജാതതിന്റെയും ചോട്ടിൽ... ആ സമയത്ത് അവ രണ്ടും ഒരുമിച്ച് പൂവിട്ടെങ്കിൽ...
ഒരുവൻ
ചിറകുകളുള്ള ഒരുവനെ ഞാൻ കാണുന്നു.
അവൻ മുഖം കരുവാളിച്ചവനും അനേകം മുറിപ്പാടുകളുടെ ഉടമയുമാണ്..
അവന്റെ ചുമലുകളിൽ മാംസമറന്നുപോയ വടുക്കളും കാലുകളിൽ തളച്ചിടാൻ ശ്രമിച്ചറ്റു പോയ ചങ്ങലയുടെ പാടുകളും.. പ്രഹരമേൽക്കാത്ത ഒരിടവും അവന്റെയുടലിലില്ല...
എങ്കിലും അവൻ നിർഭയനും ശാന്തനുമായി ആകാശത്തുയരെ നോട്ടമുറപ്പിച്ചു കുതിച്ചുയരാൻ തയ്യാറായി നിന്നു .
ഏതു നിമിഷവും ജ്വലിക്കാൻ പാകത്തിന് അഗ്നി അവന്റെ കണ്ണുകളിൽ കാത്തുകിടന്നിരുന്നു...
അവൻ കരുത്തനായിരുന്നു..
ഭൂതകാലത്തിനു = അതേ അവനെ ഞെരിച്ചുടയ്ക്കാൻ കൊതിച്ച അതേ ഭൂതകാലത്തിനു, അവന്റെ നിഴലിന്റെ ഇരുളിൽ ഭയന്നൊളിക്കാനേ കഴിഞ്ഞുള്ളു...
അവന്റെ ലക്ഷ്യം മുന്നിലുള്ള പ്രകാശമാണ്...
ശ്രമം അതിനെ കയ്യിലൊതുക്കി അതിൽ ജ്വലിക്കാനാണ്...
ചിറകുകളുള്ള ഒരുവനെ ഞാൻ കാണുന്നു. കണ്ണുകളിൽ തിളങ്ങുന്ന സ്വപ്നങ്ങളുള്ള ഒരുവനെ.. പരാജയത്തെ പരാജയപ്പെടുത്തിയ ഒരുവനെ...
Thursday, April 14, 2022
ഹാലൂസിനേഷൻ
ഇന്നലെ രാത്രി കിടന്നുറങ്ങിയ മുറിയാ.. ഇന്നിപ്പോ എന്തോ വല്ലാത്തൊരു അപരിചിതത്വം തോന്നുന്നു. കിടക്കക്കാപ്പി സാധാരണ ഉണ്ടാവാറുള്ളിടത്തു കാണാനില്ല. "അമ്മേ.."
നീട്ടി വിളിച്ചു രണ്ടുവട്ടം. ആരും വിളികേട്ടില്ല. "ഡീ.." വാമഭാഗവും നോ പ്രതികരണം.
ഇവരൊക്കെ ഇതെവിടെപ്പോയി..?
ഹും.. ഇന്നു രാവിലെ പൊളിച്ചടുക്കാനുള്ള വകുപ്പായി.
ഒന്നു വലിഞ്ഞു മൂരി നിവർത്തിയെണീറ്റു അടുക്കളയിലേക്കു നടന്നു. പരീക്ഷണശ്ശാല ശൂന്യം..!
ഇവിടിന്നു തീ പുകഞ്ഞ ലക്ഷണമില്ലല്ലോ?
ഇവിടെന്താ നടക്കുന്നതു?
ഇവരോടൊക്കെ പറഞ്ഞു മടുത്തു ഈ കണ്ണാടി എപ്പോളും വൃത്തിയാക്കി വെക്കണമെന്നുള്ളതു ഇനിയിവിടെ എഴുതി ഒട്ടിക്കണമെന്നാണോ?
അയയിൽ വടിപോലെ കിടന്ന പഴയ തോർത്തു നനച്ചു കണ്ണാടി തുടക്കുമ്പോളാണതു ശ്രദ്ധിച്ചത് - കയ്യിലെ തൊലിയൊക്കെ ചുളിഞ്ഞിരിക്കുന്നു കിളവന്മാരെപ്പോലെ.. കണ്ണാടിയിൽ തെളിഞ്ഞത് അഛന്റെ രൂപം..! തിരിഞ്ഞു നോക്കി.. ആരുമില്ല! അപ്പോ ഇതു ഞാൻ തന്നെയൊ? ഞാനെപ്പൊ അഛനായി? ഇനീപ്പൊ, ഇതു വല്ല സ്വപ്നവുമാണോ? ഒന്നു നുള്ളി നോക്കാം.. ഹോ.. നുള്ളാൻ തോന്നിയത് നന്നായി. കണ്ണു തുറക്കുമ്പോൾ ചുറ്റുമൊരുപാടാളുകളുണ്ടായിരുന്നു. സദനത്തിലെ സിസ്റ്റർ മേരിയമ്മയും തൊട്ടടുത്ത കിടക്കയിലെ സുകുവും പിന്നെ ഗോപാലേട്ടനും മാത്യുവുൂ ഒക്കെ. ഇവരെന്താ ഇങ്ങനെ ബ്ലിങ്ങി നിക്കുന്നെ? ഇതെന്നാടാ സിസ്റ്ററിന്റെ മുന്നീന്നാണൊ ബീടി വലിക്കുന്നെ? ഇവന്മാർക്കൊന്നും ചെവീം തൊളേമൊന്നും കേൾക്കില്ലേ?
ആഹാ ഇതു ബീടിപ്പുകയല്ലല്ലോ? ഇതു സാമ്പ്രാണിപ്പുക. ഇതിനെന്താ മണമില്ലാത്തെ?
Monday, November 23, 2020
മൂവർ
ഞങ്ങൾ മൂന്നാളും കാലത്തെണീറ്റ് പല്ലുതേയ്പ്പ് മൽസരം നടത്തുന്ന സമയത്താണു ഓറഞ്ചു തിന്നിട്ട് എറിഞ്ഞു കളഞ്ഞ കുരു അടുക്കളപ്പുറത്ത് ഒരു കുഞ്ഞിത്തൈ ആയി കിളിർത്തു നിൽക്കുന്നതു കണ്ണിൽപ്പെട്ടത്. ഉടനേ മൂന്നാളും അതിനു ചോട്ടിൽ കുത്തിയിരുന്നു സ്കൂളിൽ പോകാൻ വൈകിയതിനുള്ള അമ്മയുടെ ആക്രോശങ്ങളെ പാടേ അവഗണിച്ചു ചർച്ച തുടങ്ങി.
ലെ ഞാൻ: എടീ ഒരു കമ്പിങ്ങെടുത്തേ നമുക്കിതിനു തടമെടുക്കാം.
അപ്പൊത്തന്നെ എന്റെ ആജ്ഞാനുവർത്തികളായ സഹോദരിമാർ റെഡി. ഒരുത്തി കമ്പെടുത്തു. ഒരുത്തി ഇടം കയ്യിലെ ഉമിക്കരി തട്ടിക്കളഞ്ഞു ഉനങ്ങിയ ഒരു ചാണക കട്ട എടുത്തു വന്നു.
സംശയം ഫ്രം ലെ സിസ്റ്റർ 1 : അല്ലച്ചാച്ചാ ഈ ഓറഞ്ചൊക്കെ നമ്മടിവിടെ പിടിക്കുവൊ?
ലെ ഞാൻ : പിന്നേ......
ലെ അടുത്തവൾ : അല്ലാ, അപ്പോ ഇതിനു നല്ല തണുപ്പു വേണമെന്നു പറയുന്നതോ?
ലേ ഞാൻ : അതിനല്ലെ നമ്മളെന്നും ജയൻ ചേട്ടന്റെ കടേന്നു ഐസു വാങ്ങി ഇതിന്റെ ചോട്ടിലിടാൻ പോണതു... ഹും! രണ്ടും വിശ്വസിച്ചു.
ഞാൻ തുടരവേ.. എന്റെ വർണനയ്ക്കൊപ്പം വിടർന്നു വരുന്ന നാലു കണ്ണുകളും ഉമിക്കരി പടർന്ന ചിരിയും ഞാനെന്തു പറഞ്ഞാലും വിശ്വസിക്കുന്ന രണ്ടു കുരുന്നു ഹൃദയങ്ങളും ആ ഓറഞ്ചു തൈക്കൊപ്പം വളർന്നു. പൂത്തു കായ്ച്ചു പഴുത്തു. പ്രിയപ്പെട്ടവർക്കൊക്കെ പേരു വിളിച്ചു പങ്കുവെച്ചു. ഇഷ്ടമില്ലാത്തോർക്കൊക്കെ "കൊടുക്കാപ്പറിച്ചന്മാർ" ആയി. ആ സ്വപ്നം ഒരു മരത്തിൽ നിന്നും വലിയൊരു ഓറഞ്ചു തോട്ടത്തിലേയ്ക്കും ഒരു പാടു സമ്പത്തിലേയ്ക്കുമൊക്കെ പോയി.
ഇന്നും ജീവിതത്തിന്റെ ഒന്നുമില്ലായ്മകളിൽ പുഞ്ചിരിയോടെ നിന്നു കയ്യിലുള്ള ചെറിയ നന്മയെക്കുറിച്ചു സ്വപ്നം കാണാനും പൊരുതി നേടാനും ഊർജ്ജം തരുന്ന ആ നല്ല ഓർമ്മകൾക്കു നന്ദി.
സഹോദരിമാർ യുദ്ധവീരന്മാരെ സൃഷ്ടിക്കുന്നു.
Subscribe to:
Comments (Atom)